കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ ആറുവയസുകാരിയെ ശനിയാഴ്ച കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇതിനോടകം രോഗ ബാധിതരുടെ എണ്ണം ആശുപത്രിയിൽ രണ്ട് ആയി ഉയർന്നു.
അമീബിക് മസ്തിഷ്ക ജ്വരം, അഥവാ അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസ്, നെഗ്ലേറിയ ഫൗലേറി, അകാന്തമീബ എന്നിവ പോലുള്ള ഏകകോശ അമീബകൾ തലച്ചോറിനെ ബാധിക്കുമ്പോഴുണ്ടാകുന്ന അതീവ ഗുരുതരമായ അണുബാധയാണ്. പ്രധാനമായും നെഗ്ലേറിയ ഫൗലേറിയാണ് പ്രൈമറി അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസിന് കാരണക്കാരൻ.
അമീബകൾ സാധാരണയായി മലിനമായ ചൂടുവെള്ളത്തിൽ കണ്ടുവരുന്നു. ഈ വെള്ളം മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുമ്പോഴാണ് രോഗം പകരുന്നത്. നീന്തൽ, വെള്ളത്തിൽ മുങ്ങിക്കുളിക്കൽ, മൂക്കിൽ ഓസ് ഉപയോഗിച്ച് വെള്ളം ചീറ്റിക്കൽ എന്നിവയായിരുന്നു പ്രധാന അപകടസാധ്യത. മൂക്കിലൂടെ പ്രവേശിച്ച അമീബകൾ തലച്ചോറിലെത്തി വീക്കം ഉണ്ടാക്കുകയും കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.










