റിയാദ്: സൗദി അറേബ്യയിലെ യാംബു പടിഞ്ഞാറൻ പ്രവിശ്യയിലെ പ്രശസ്ത ഇന്ത്യൻ റെസ്റ്റോറന്റ് ‘ആര്യാസ്’ മാനേജർ മൊയ്‌ദീൻ ബാവ (55) ഹൃദയാഘാതത്തെ തുടര്‍ന്ന് മദീനയിൽ നിര്യാതനായി.
തമിഴ്‌നാട് കായൽപട്ടണം സ്വദേശിയായ മൊയ്‌ദീൻ ബാവ, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി സൗദിയിലെ ബിസിനസ് രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. മലയാളി കൂട്ടായ്മകൾക്കിടയിൽ അദ്ദേഹത്തിന് വലിയൊരു സൗഹൃദ വലയവും ഉണ്ടായിരുന്നു.
കഴിഞ്ഞ ആഴ്ച യാംബുവിലെ താമസസ്ഥലത്ത് അനുഭവപ്പെട്ട ശക്തമായ നെഞ്ചുവേദനയ്‌ക്കു ശേഷം അദ്ദേഹത്തെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മദീനയിലെ ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം അദ്ദേഹത്തിന്റെ മൃതദേഹം മദീനയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.





