തൃശ്ശൂർ: പ്രസിദ്ധമായ അഞ്ഞൂർ പാർക്കാടി പൂരം ഇന്ന് നടക്കും. രാവിലെ നടക്കുന്ന വിശേഷാൽ പൂജകൾക്ക് ക്ഷേത്രം ഊരാളനും മേൽശാന്തിയുമായ തോട്ടപ്പായ മന ശങ്കരൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് കലം കരിക്കൽ ചടങ്ങ് നടക്കും.
ഉച്ചതിരിഞ്ഞ് 3 മണിക്ക് വെള്ളിത്തിരുത്തി ഉണ്ണി നായരുടെ പ്രമാണത്തിൽ നടക്കുന്ന ദേവസ്വം പൂരം എഴുന്നള്ളിപ്പിന് പൂതൃക്കോവിൽ പാർത്ഥസാരഥി ദേവിയുടെ തിടമ്പേറ്റം ഉണ്ടാകും. 3.30 മുതൽ അഞ്ഞൂർ, കമ്പനിപ്പടി, ചിറ്റഞ്ഞൂർ, തെക്കേപ്പുറം, ചെറുവത്താനി, അഞ്ഞൂർകുന്ന്, തൊഴിയൂർ, നമ്പീശൻപടി എന്നിവിടങ്ങളിലെ പ്രാദേശിക പൂരങ്ങൾ പാർക്കാടി പാടത്ത് അണിനിരക്കും.
വൈകിട്ട് 5.45 ന് പാണ്ടിമേളത്തോടെ നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പിൽ പാമ്പാടി രാജൻ, പുതുപ്പള്ളി കേശവൻ, തിരുവമ്പാടി ചന്ദ്രശേഖരൻ, ചെർപ്പുളശ്ശേരി അനന്തപത്മനാഭൻ, പുതുപ്പള്ളി സാധു എന്നിവ ഉൾപ്പെടെ അമ്പതോളം ആനകൾ അണിനിരക്കും. വൈകിട്ട് ഏഴുമണിയോടെ നാടൻ കലാരൂപങ്ങൾ അരങ്ങേറും.രാത്രി 9 മണിക്ക് അഞ്ഞൂർകുന്ന് യുവജന ബാലസംഘത്തിന്റെ ആഭിമുഖ്യത്തിൽ പാറമേക്കാവ് അഭിഷേകിന്റെ നേതൃത്വത്തിൽ 101-ൽ പരം മേളകലാകാരന്മാർ അണിനിരക്കുന്ന നടപ്പുരമേളം നടക്കും. തിങ്കളാഴ്ച പുലർച്ചെ 2.30 ന് ദേവസ്വം പൂരം ഉൾപ്പെടെയുള്ള പൂരങ്ങൾ എഴുന്നള്ളിക്കും. പുലർച്ചെ 4.30 ന് നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പിന് ശേഷം ക്ഷേത്രം കോമരം രാജേഷ് കുട്ടൻഞ്ചേരിയുടെ കാർമ്മികത്വത്തിൽ പ്രധാന ചടങ്ങായ പൊങ്ങിലിടിയോടെ പൂരത്തിന് സമാപനം കുറിക്കും.






