തൃശ്ശൂർ: കോടാലിയിൽ പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുന്ന അനോജിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പത്ത് വയസുകാരനായ അനോജ് ഇപ്പോൾ കണ്ണ് തുറക്കുകയും നിർദേശങ്ങൾക്ക് പ്രതികരിക്കുകയും ചെയ്യുന്നുണ്ടെന്നും അപ്പോളോ അഡ്ലക്സ് ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. എങ്കിലും വെന്റിലേറ്റർ സപ്പോർട്ട് തുടരുകയാണ്.
ഇന്നലെ പുലർച്ചെ അനോജിനെയും സഹോദരൻ ആൽജോയെയും വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിൽ ശംഖുവരയൻ പാമ്പിനെ കണ്ടെത്തിയത്. രാത്രി അമ്മയ്‌ക്കൊപ്പം കിടന്നുറങ്ങിയ കുട്ടികൾക്ക് പുലർച്ചെ വയറുവേദനയും തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം ഭക്ഷ്യവിഷബാധയാണെന്ന് വീട്ടുകാർ കരുതുകയായിരുന്നു.
എന്നാൽ ആരോഗ്യനില വഷളായതിനെ തുടർന്ന് അഞ്ചു മണിയോടെ ചാലക്കുടിയിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പാമ്പുകടിയേറ്റതാണെന്ന് സ്ഥിരീകരിച്ചത്. ആശുപത്രിയിലെത്തിയ ഉടൻ തന്നെ ആൽജോ മരണപ്പെട്ടിരുന്നു. രണ്ട് കുട്ടികളുടെയും ശരീരത്തിൽ പാമ്പുകടിയേറ്റതിന്റെ അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട്.




