ഡല്‍ഹി: അമേരിക്കയില്‍ അനധികൃതമായി കുടിയേറ്റം നടത്തിയതായി കണ്ടെത്തിയ 54 ഇന്ത്യക്കാരെ കൂടി യുഎസ് നാടുകടത്തി. ഇവരില്‍ 50 പേരും ഹരിയാനക്കാരാണ്. ഹരിയാനയിലെ കര്‍ണാല്‍, അംബാല, കുരുക്ഷേത്ര, യമുനാനഗര്‍, പാനിപ്പത്ത്, കൈത്തല്‍, ജിന്ദ് എന്നീ ജില്ലകളില്‍ നിന്നുള്ളവരാണ് ഇവര്‍. ‘ഡോങ്കി റൂട്ട്’ എന്നറിയപ്പെടുന്ന അപകടകരമായ അനധികൃത പാത വഴി അമേരിക്കയിലേക്ക് എത്തിയവരാണ് ഇവരെന്നാണ് വിവരം. ശനിയാഴ്ച രാത്രിയോടെയാണ് യുഎസ് നാടുകടത്തിയ ഏറ്റവും പുതിയ സംഘം ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ഇന്ത്യയിലേക്കു നാടുകടത്തപ്പെട്ടവരില്‍ പലര്‍ക്കും വിമാനയാത്രയില്‍ 25 മണിക്കൂര്‍ വരെ കാലില്‍ ചങ്ങല ധരിക്കേണ്ടി വന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹരിയാനയിലെ കര്‍ണാല്‍ ജില്ലയില്‍ നിന്നുള്ള 16 പേര്, കൈത്തല്‍ ജില്ലയില്‍ നിന്നും 15, അംബാലയില്‍ നിന്ന് 5, യമുനാനഗര്‍ – 4, കുരുക്ഷേത്ര – 4, ജിന്ദ് – 3, സോണിപത് – 2, പഞ്ചകുള, പാനിപത്, റോഹ്തക്, ഫത്തേബാദ് എന്നിവിടങ്ങളില്‍ നിന്ന് ഒരാള്‍ വീതവുമാണ് നാടുകടത്തപ്പെട്ട് തിരിച്ചെത്തിയത്. നാടുകടത്തപ്പെട്ടവരില്‍ ഏറെയും 25 മുതല്‍ 40 വയസു വരെ പ്രായമുള്ളവരാണ്. തൊഴില്‍ തട്ടിപ്പിനിരയായി അമേരിക്കയിലേക്ക് അനധികൃതമായി എത്തിയവരാണ് ഇവരെന്നാണ് പ്രാഥമിക വിവരം. 35 മുതല്‍ 57 ലക്ഷം രൂപ വരെ ഏജന്റുമാര്‍ക്കു നല്കി കബളിക്കപ്പെട്ടവരാണ് പലരുമെന്ന് വാര്‍ത്താ ഏജന്‍സിയായ എന്‍ഐഎ റിപ്പോര്‍ട്ട് ചെയ്യുന്നു.










