ജോലിയിൽ സംതൃപ്തരായവരും ഒട്ടും സംതൃപ്തി ഇല്ലാത്തവരുമൊക്കെയുണ്ട്. ലോകത്തിലെ ഏറ്റവും തൃപ്തി തോന്നിക്കാത്ത ജോലികൾ ഏതൊക്കെയാണ്? എസ്റ്റോണിയയിലെ ടാർട്ടു സർവകലാശാലയിലെ ഗവേഷകരാണ് എസ്റ്റോണിയൻ ബയോബാങ്കിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് ഇതേകുറിച്ച് പഠനം നടത്തിയിരിക്കുകയാണ്. ആയിരക്കണക്കിനാളുകളിൽ നിന്നാണ് വിവര ശേഖരണം നടത്തിയിരിക്കുന്നത്.
രക്തദാതാക്കളിൽ നിന്നായി 59,000 പേരെയും 263 ജോലികളും വിശകലനം ചെയ്ത സംഘം അവരുടെ ജോലി, ശമ്പളം, വ്യക്തിത്വം, ജോലിയിലെ സംതൃപ്തി എന്നിവയെ കുറിച്ചെല്ലാം വിവരങ്ങൾ ശേഖരിച്ചു. ഇതിൽ നിന്നും ഏറ്റവും കൂടുതൽ തൃപ്തി തരുന്നതും ഏറ്റവും കുറവ് തൃപ്തി തരുന്നതുമായ ജോലികളാണ് ഗവേഷകർ കണ്ടെത്തിയത്. ഇതനുസരിച്ച് ഏറ്റവും സംതൃപ്തി നൽകുന്ന ജോലികളിൽ പൗരോഹിത്യം, വൈദ്യശാസ്ത്രം, എഴുത്ത് എന്നിവയാണ്. എന്നാൽ അടുക്കളജോലി, ഗതാഗതം, സ്റ്റോറേജ്, നിർമ്മാണം, വിൽപ്പന എന്നിവയാണ് ഏറ്റവും കുറവ് തൃപ്തി തരുന്ന ജോലികൾ.
കരിയർ മാത്രമല്ലാതെ ആകെ ജീവിത സംതൃപ്തിയും പരിഗണിക്കുമ്പോൾ, മെഡിക്കൽ പ്രൊഫഷണലുകൾ, മനഃശാസ്ത്രജ്ഞർ, സ്പെഷ്യൽ നീഡ്സ് ടീച്ചർ, ഷീറ്റ്-മെറ്റൽ തൊഴിലാളികൾ, എഞ്ചിനീയർമാർ എന്നിവരുടെ സംതൃപ്തി കൂടുതലാണ്. അതേസമയം സെക്യൂരിറ്റി ഗാർഡുകൾ, വെയിറ്റർമാർ, വിൽപ്പന തൊഴിലാളികൾ, മെയിൽ കാരിയർമാർ, മരപ്പണിക്കാർ, കെമിക്കൽ എഞ്ചിനീയർമാർ എന്നിവരുടെ അവസ്ഥ തിരിച്ചാണ്. അതേസമയം, അതിശയകരമായ മറ്റൊരു കാര്യം ഉയർന്ന വരുമാനവും ജോലി തരുന്ന ഈ തൃപ്തിയും തൃപ്തിക്കുറവും തമ്മിൽ വലിയ ബന്ധമൊന്നുമില്ല എന്നാണ് ഗവേഷകർ പറയുന്നത്.






