കൊച്ചി: കൊച്ചിയിൽ നടക്കുന്ന അർജന്റീന – ഓസ്ട്രേലിയ പോരാട്ടത്തിന്റെ മത്സരത്തീയതി പ്രഖ്യാപിച്ചു. നവംബർ 17നാണ് ഫുട്ബോളിന്റെ മിശിഹായും ലോകചാമ്പ്യന്മാരായ അർജൻ്റീന ടീമും കേരളത്തിൻ്റെ മണ്ണിൽ പന്തുതട്ടാനിറങ്ങുന്നത്. ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെയും അർജൻ്റീന ടീമിന്റെയും കേരള സന്ദർശനത്തിന്റെ ഭാഗമായി എല്ലാ വകുപ്പുകളെയും ഉൾപ്പെടുത്തി അവലോകന യോഗം ചേർന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. ഈ മാസം അവസാനത്തോടെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കാൻ കഴിയുമെന്നും പുട്ട വിമലാദിത്യ വ്യക്തമാക്കി.
എല്ലാ ഫുട്ബോൾ പ്രേമികൾക്കും മെസിയെ കാണാൻ അവസരമുണ്ടാകും. നവംബർ 17ന് മത്സരത്തിന്റെ തലേ ദിവസം മെസിയും സംഘവും പരിശീലനം നടത്തുന്നത് കാണാനും ആരാധകർക്ക് അവസരമൊരുക്കും. എ ആർ റഹ്മാൻ മ്യൂസിക് ഷോയും ഹനുമാൻ കൈൻഡിന്റെ സംഗീത പരിപാടിയും നവംബർ 16ന് നടക്കും. ടിക്കറ്റ് നിരക്കുകൾ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ അറിയിച്ചു.






