തൃശ്ശൂർ: ചിട്ടിപ്പണം തിരികെ നൽകാത്തതിലുള്ള വിരോധം മൂലം വീട്ടമ്മയെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട നടവരമ്പ് വെസ്റ്റ് സ്വദേശി കരന്തരക്കാരൻ വീട്ടിൽ വിക്ടർ (51) ആണ് അറസ്റ്റിലായത്. എടവിലങ്ങ് ചന്ത സ്വദേശിനി കൊക്കുവായിൽ വീട്ടിൽ വിജി (50) ക്ക് നേരെയാണ് ആക്രമണമുണ്ടായത്. . വിജി എടവിലങ്ങ് ചന്തയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചു കയറിയ വിക്ടർ, ബ്ലേഡ് പോലുള്ള മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് വിജിയുടെ കാലിൽ ആഴത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു.
ആക്രമണത്തിൽ വിജിയുടെ കാലിലെ ഞരമ്പ് മുറിഞ്ഞും മറ്റും ഗുരുതരമായി പരിക്കേറ്റു. പ്രതിയും പരാതിക്കാരിയും കുവൈറ്റിൽ ജോലി ചെയ്തിരുന്ന സമയത്ത് വിക്ടർ മുഖേന ചേർന്ന ചിട്ടിയിലെ പണം തിരികെ നൽകാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായത്.
പ്രതിയെ നിയമനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ അരുൺ ബി കെ, എസ്ഐ സജിൽ കെ ജി, സെബി, ജി എസ് സി പി ഒ ഷെമീർ, സി പി ഒ അബീഷ് എബ്രഹാം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നു.






