ഇടുക്കി: ഇടുക്കി അടിമാലിയിൽ പോലീസ് സ്റ്റേഷനിലെത്തിയ ആളെ എസ്എച്ച്ഓ മർദ്ദിച്ചതായി പരാതി. അടിമാലി സ്വദേശി പി. ആർ അനിൽകുമാറിനാണ് മർദ്ദനമേറ്റത്. എസ്എച്ച്ഓ ലൈജുമോൻ സി വി മർദ്ദിച്ചു എന്നാണ് ആരോപണം. മുറിക്കുള്ളിൽ കൂട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. അനിൽകുമാർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പൊലീസ് സ്റ്റേഷനിലെത്തിയ അനിൽകുമാർ അനാവശ്യമായി ബഹളമുണ്ടാക്കിയെന്നാണ് എസ്എച്ച്ഒ ലൈജുമോൻ പറയുന്നത്.
സംഭവത്തിൽ ഇടുക്കി ഡിവൈഎസ്പി വിശദീകരണം തേടിയിട്ടുണ്ട്. രാവിലെ കല്ലാറുകുട്ടിയിൽ വാഹനങ്ങൾ കൂട്ടിമുട്ടിയതുമായി ബന്ധപ്പെട്ട തർക്ക പരിഹാരത്തിനിടയായിരുന്നു സംഭവം. അനിൽകുമാറിന്റെ ബന്ധുവിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉണ്ടെന്നാണ് അനിൽകുമാറിന്റെ വാദം. ഇത് ലഭ്യമാക്കുന്നതിനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.




