ഒറ്റപ്പാലം: കൂലിയെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ ജീവനക്കാരനായ യുവാവിനെ ഉടമ വെട്ടിപരിക്കേൽപ്പിച്ചു. വെട്ടിയ കത്തിയുമായി പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മായന്നൂർ പാലം ജങ്ഷനിലെ പൂക്കടയിലായിരുന്നു സംഭവം. പാലപ്പുറം പല്ലാർമംഗലം സ്വദേശി മുഹമ്മദ് ഫെബിനാണ് വെട്ടേറ്റത്. കഴുത്തിലും തലയിലും നെഞ്ചിലും വെട്ടേറ്റ യുവാവിനെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി പത്തിരിപ്പാല മണൽപ്പറമ്പിൽ സെയ്താലി (48)യാണ് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്.
തിരുവോണ ദിവസം രാത്രി ഒൻപതുമണിയോടെയായിരുന്നു സംഭവം. മായന്നൂർ പാലം കവലയിൽ റോഡിന്റെ തെക്കുഭാഗത്തെ പൂക്കടയിൽവെച്ചാണ് സംഘർഷമുണ്ടായത്. ഓണത്തിന്റെ ഭാഗമായി സെയ്താലിയുടെ നേതൃത്വത്തിൽ താൽക്കാലികമായി നടത്തിയ പൂക്കളുടെ മൊത്തക്കച്ചവട കേന്ദ്രത്തിലെ ജീവനക്കാരനായിരുന്നു ഫെബിനെന്നാണ് പോലീസ് പറയുന്നത്. കൂലിയെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇതിനിടെ കടയിലുണ്ടായിരുന്ന കത്തികൊണ്ട് സെയ്താലി, ഫെബിനെ വെട്ടിപ്പരുക്കേൽപ്പിച്ചെന്നാണ് കേസ്.
സംഘർഷത്തിന് ശേഷം ഇയാൾ വെട്ടുകത്തിയുമായി ഒറ്റപ്പാലം സ്റ്റേഷനിലെത്തി സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വിരലടയാള വിദഗ്ദരും പോലീസിന്റെ ശാസ്ത്രീയ പരിശോധനാ സംഘവും പരിശോധന നടത്തി.






