റിയാദ്: കടയിൽ അതിക്രമിച്ച് കയറി കത്തിയും വാളും ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കവർച്ച നടത്തിയ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് നഗരത്തെ നടുക്കിയ സംഭവം നടന്നത്.
പതിവുപോലെ പ്രവർത്തിച്ചിരുന്ന കടയിലേക്ക് അതിക്രമിച്ച് കയറിയ പ്രതികൾ ജീവനക്കാരെ ആയുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും കൗണ്ടറിലുണ്ടായിരുന്ന പണവും വിലപിടിപ്പുള്ള സാധനങ്ങളും കവർച്ച ചെയ്യുകയുമായിരുന്നു. ശേഷം ഇവർ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
സംഭവത്തെ തുടർന്ന് റിയാദ് സുരക്ഷാ വിഭാഗം ഉടൻ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും മറ്റ് നിരീക്ഷണ സംവിധാനങ്ങളും പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മണിക്കൂറുകൾക്കകം നടത്തിയ അന്വേഷണത്തിനൊടുവിൽ ഇരുവരെയും പിടികൂടുകയായിരുന്നു.
പ്രതികളിൽ നിന്ന് കവർച്ചയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും മോഷ്ടിച്ച പണവും പൊലീസ് കണ്ടെടുത്തു. ഇവർക്കെതിരെ കവർച്ച, ആയുധം കൈവശം വെക്കൽ, പൊതുസുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അന്വേഷണം തുടരുകയാണ്.






