തിരുവനന്തപുരം: ആശാവർക്കർമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ ഉന്നതതല സമിതി നിയോഗിച്ചു. വനിതാ ശിശു വികസന ഡയറക്ടർ ഹരിതാ വി. കുമാർ ചെയര്‍പഴ്‌സണ്‍ ആയാണ് അഞ്ചംഗ സമിതി രൂപീകരിച്ചത്. ആശമാരുടെ ഓണറേറിയം, സേവനകാലാവധി എന്നിവ സംബന്ധിച്ച് പഠിച്ചു മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകും.
ആശമാരുമായി നടത്തിയ ചർച്ചകളിൽ സമിതി രൂപീകരിക്കുമെന്ന് പറഞ്ഞെങ്കിലും തുടർനടപടികൾ ഒന്നുമുണ്ടായിരുന്നില്ല. സമിതി രൂപീകരണ വിവരം സർക്കാർ ഹൈക്കോടതിയിലും അറിയിച്ചിരുന്നു. സംസ്ഥാനത്തുടനീളം രാപ്പകൽ യാത്ര നടത്തുന്നതിനിടയാണ് പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ സമിതി രൂപീകരിച്ചിരിക്കുന്നത്.
ഹരിതാ വി.കുമാറിനു പുറമേ ആരോഗ്യവകുപ്പ് അഡീ.സെക്രട്ടറി ആര്‍.സുഭാഷ്, ധന, തൊഴില്‍ വകുപ്പില്‍നിന്ന് അവര്‍ നിര്‍ദേശിക്കുന്ന അഡീ.സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥര്‍, എന്‍എച്ച്എം സോഷ്യൽ ഡവലപ്മെന്റ് മേധാവി കെ.എം.സീന എന്നിവരാണ് സമിതിയിലുള്ളത്. സമിതി വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി പ്രശ്‌നങ്ങള്‍ പഠിച്ച് മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതു പരിഗണിച്ചാവും സര്‍ക്കാര്‍ ഓണറേറിയം വര്‍ധന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുക.






