പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്‌കൂളിലെ വിദ്യാര്‍ഥിനി ആശീര്‍ നന്ദയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിദ്യാര്‍ഥികളെ കൊണ്ട് മാര്‍ക്ക് കുറഞ്ഞാല്‍ താഴെയുള്ള ക്ലാസ്സില്‍ പോയിരിക്കാം എന്ന് എഴുതി വാങ്ങാറില്ല എന്ന മാനേജ്‌മെന്റ് വാദമാണ് പൊളിഞ്ഞത്. ക്ലാസിലെ മറ്റൊരു വിദ്യാര്‍ത്ഥിനിയെ കൊണ്ട് സ്‌കൂള്‍ മാനേജ്‌മെന്റ് സ്വന്തം കൈപ്പടയില്‍ എഴുതി വാങ്ങിച്ച കുറിപ്പ് ലഭിച്ചു.
പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞാല്‍ ഒമ്പതാം ക്ലാസില്‍ നിന്ന് എട്ടാം സ്റ്റാന്‍ഡേര്‍ഡില്‍ പോയി പഠിക്കാം എന്ന് ആശീര്‍ നന്ദയുടെ ക്ലാസിലെ മറ്റൊരു കുട്ടി എഴുതി നല്‍കിയ കുറിപ്പാണ് പുറത്തുവന്നത്. വിദ്യാര്‍ത്ഥികളില്‍ നിന്ന് ഇങ്ങനെ ഒരു കുറിപ്പ് എഴുതി വാങ്ങിയിട്ടില്ല എന്നായിരുന്നു ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക് സ്‌കൂളിലെ മാനേജ്‌മെന്റ് വാദം. ആശിര്‍ നന്ദയെ മാനസികമായി പീഡിപ്പിച്ചുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്ന മൂന്ന് അധ്യാപകരെ പുറത്താക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചിരുന്നു.






