തൃശ്ശൂർ: ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ അതിക്രമം; സെക്യൂരിറ്റി ജീവനക്കാരിയെ മർദ്ദിക്കുകയും ഡോർ തകർക്കുകയും ചെയ്ത മൂർക്കനാട് ഇരട്ടക്കൊലപാതകക്കേസിലെ പ്രതി മനു പിടിയിലായി. കഴിഞ്ഞ ദിവസമാണ് സംഭവം.ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ ഒ പി യിൽ വച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരായ പ്രണവ് എന്നയാളെയും സെക്യൂരിറ്റി ജീവനക്കാരിയെയും അസഭ്യം പറഞ്ഞ് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും സ്ത്രീത്വത്തിനു അപമാനം ഏല്പിക്കുകയും ഒ പി യുടെ ഡോർ തല്ലി പൊളിച്ച് പൊതു മുതൽ നശിപ്പിക്കുകയും ആശുപത്രിയിൽ ഡ്യൂട്ടിയിലുളളവരുടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിനാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
21-തിയ്യതി ഉച്ചക്ക് ശേഷം 03.30 മണിയോടെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേക്ക് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സക്കായി എത്തിയ കരുവന്നൂർ സ്വദേശി റിസ്വാൻ 21 എന്നയാളുടെ കൂടെ വന്നയാതാണ് പ്രതിയായ മനു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കാഷ്യാലിറ്റി മെഡിക്കൽ ഓഫീസറായ ഡോ.ദീപ.പി.ഡി യുടെ പരാതി പ്രകാരം പ്രതിക്കെതിരെ കേരള ആരോഗ്യ സേവന സ്ഥാപനങ്ങളിൽ അക്രമങ്ങളും സ്വത്തുനാശനവും തടയുന്നതിനുള്ള നിയമം, പൊതു സ്വത്തിന് നാശനഷ്ടം വരുത്തുന്നത് തടയുന്നതിനുള്ള നിയമം, ഭാഗരീയ ന്യായ സംഹിത എന്നിവയിലെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.
നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. മനു ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിലെ മൂർക്കനാട് ഇരട്ടക്കൊലപാതക കേസിലും, ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വധശ്രമക്കേസിലും, കഞ്ചാവ് ബീഡി വലിച്ച ഒരു കേസ്സിലും, ഏതെങ്കിലും കുറ്റകൃത്യം ചെയ്യാതിരിക്കാൻ അറസ്റ്റ് ചെയ്ത് നീക്കിയ കേസ്സിലും അടക്കം നാല് ക്രമിനൽക്കേസിലെ പ്രതിയാണ്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജി എം കെ, എസ് ഐ മാരായ സുൽഫിക്കർ സമദ്, അഭിലാഷ് ടി, ജി എസ് സി പി ഒ മാരായ ഗിരീഷ്, അബിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.






