ബെംഗളൂരു: കർണാടകയിലെ ചന്നമനക്കരെയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ജോത്സ്യനെ പൊലീസ് അറസ്റ്റ് ചെയ്തു. മോഹൻകുമാർ (38) ആണ് പിടിയിലായത്. ബ്യൂട്ടീഷ്യനായി ജോലി ചെയ്യുന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്.
സാമ്പത്തിക പുരോഗതിക്കായി പൂജ നടത്താമെന്ന് പറഞ്ഞ് യുവതിയുമായി പരിചയം സ്ഥാപിച്ച പ്രതി പിന്നീട് വീട്ടിലെത്തി. പൂജയ്ക്കിടെ യുവതിയുടെ ഭർത്താവിനെയും മകനെയും പുറത്തേക്ക് അയച്ച ശേഷം യുവതിയെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചതായാണ് പരാതി.
യുവതി എതിർത്തതോടെ ദുർമന്ത്രവാദം നടത്തി കുടുംബത്തെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു. പൂജയുടെ ഭാഗമായാണ് ഒരു മണിക്കൂർ മരത്തെ ചുറ്റി നടക്കണമെന്ന് പറഞ്ഞ് ഭർത്താവിനെയും മകനെയും പുറത്തേക്ക് അയച്ചത്. സംഭവത്തെ തുടർന്ന് മാനസികമായി തളർന്ന യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. പിന്നീട് സംഭവം പുറത്തുവിട്ട് പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




