കൊച്ചി: വിദേശത്ത് ജോലി ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ പത്ത് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ബാംഗ്ലൂരിൽ നിന്ന് ഫോർട്ട്കൊച്ചി പോലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂരിൽ ആഡംബര ജീവിതം നയിച്ചിരുന്ന സാജനാണ് പിടിയിലായത്.
യുകെ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ ജോലി ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് ഫോർട്ട്കൊച്ചി സ്വദേശിയെയും സുഹൃത്തുക്കളെയും ചേർത്ത് 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നടപടി. വിസ പ്രോസസിംഗ് നടക്കുന്നതായി കാണിക്കാൻ വ്യാജ രേഖകൾ നിർമ്മിച്ച് നൽകിയായിരുന്നു പ്രതി വിശ്വാസം നേടിയെടുത്തത്.
പണം നൽകിയിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്ന് പരാതിക്കാർ ചോദ്യം ചെയ്തപ്പോൾ പ്രതി ഭീഷണിപ്പെടുത്തിയതായും കണ്ടെത്തി. തട്ടിയെടുത്ത പണം ഉപയോഗിച്ച് ബാംഗ്ലൂരിൽ ആഡംബര വാഹനങ്ങളിൽ സഞ്ചരിച്ച ഇയാൾ ‘റെന്റ് എ കാർ’ ബിസിനസും നടത്തി വരികയായിരുന്നു. ഇയാൾക്കെതിരെ ഇതിനുമുമ്പും നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പോലീസ് പിടികൂടുമെന്ന് മനസ്സിലാക്കിയ പ്രതി സ്ഥിരമായി താമസം മാറി ഒളിവിൽ കഴിയുകയും വിവിധ ഫോൺ നമ്പറുകൾ ഉപയോഗിച്ച് അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. കൊച്ചി സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. മറ്റൊരു തട്ടിപ്പിന് പദ്ധതിയിടുന്നതിനിടെയാണ് പോലീസ് വലയിലായത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കോടികളുടെ തട്ടിപ്പ് നടത്തിയതായി സൂചനയുള്ളതിനാൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. മറ്റ് പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐ.പി.എസ് നൽകിയ നിർദ്ദേശപ്രകാരം മട്ടാഞ്ചേരി എ.സി.പി സന്തോഷ് സി.ആർ, ഫോർട്ട്കൊച്ചി ഇൻസ്പെക്ടർ രതീഷ് കെ.സി എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ നവീൻ എസ് ഉൾപ്പെടെയുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ മട്ടാഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




