ന്യൂഡൽഹി: ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിലെ രണ്ടാം പ്രതി അനുശാന്തിക്കു ജാമ്യം നൽകി സുപ്രീം കോടതി. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യത്തിൽ ശിക്ഷ റദ്ദാക്കി ജാമ്യം നൽകണമെന്നായിരുന്നു അനുശാന്തിയുടെ ആവശ്യം. എന്നാൽ ശിക്ഷ റദ്ദാക്കണമെന്ന ഹർജി തീർപ്പാക്കിയിട്ടില്ല. ഈ ഹർജി തീർപ്പാകുന്നത് വരെയാണ് അനുശാന്തിക്ക് ജാമ്യം നൽകുന്നതെന്നും കോടതി വ്യക്തമാക്കി.
കാമുകനൊപ്പം ചേർന്ന്, മൂന്നര വയസ്സുള്ള മകളെയും ഭർത്താവിന്റെ അമ്മയെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അനുശാന്തി. കഴക്കൂട്ടം ടെക്നോപാർക്കിലെ ഐടി സ്ഥാപനത്തിൽ ടീം ലീഡറായിരുന്ന നിനോ മാത്യു നടത്തിയ കൊലപാതകത്തിന് അനുശാന്തി സഹായവും ആസൂത്രണവും ചെയ്തെന്നാണു പ്രോസിക്യൂഷൻ കേസ്. 2014 ഏപ്രിൽ 16നു ഉച്ചയ്ക്കായിരുന്നു ക്രൂരകൃത്യം നടന്നത്.




