ആലപ്പുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കാർത്തികപ്പള്ളി മഹാദേവികാട് മേജർ വലിയകുളങ്ങര ദേവീക്ഷേത്രത്തിലെ ദേവസ്വം ഓഫീസിന് നേരെ ആക്രമണം. മീനമാസത്തിലെ അശ്വതി ഉത്സവത്തോടനുബന്ധിച്ച് ശനിയാഴ്ച ക്ഷേത്രത്തിൽ കുട്ടികളുടെ കെട്ടുകാഴ്ചകൾ സമർപ്പിച്ച സാഹചര്യത്തിലാണ് സംഭവം.
വടക്കൻ, കലുങ്ക് ബ്രദേഴ്സ് എന്നീ കെട്ടുകാഴ്ച സംഘങ്ങളോടൊപ്പമെത്തിയവർക്കിടയിൽ ഉണ്ടായ തർക്കമാണ് പിന്നീട് അക്രമത്തിലേക്ക് വഴിമാറിയത്. തർക്കത്തെ തുടർന്ന് മറ്റു കെട്ടുകാഴ്ചകൾ ക്ഷേത്രത്തിൽ പ്രവേശിക്കാൻ വൈകിയതായി ഉപദേശക സമിതി പ്രസിഡന്‍റ് പറഞ്ഞെന്നാരോപിച്ചാണ് രാത്രി പതിനൊന്നോടെ ദേവസ്വം ഓഫീസിന് നേരെ ആക്രമണമുണ്ടായത്.
അക്രമികൾ ഉപദേശക സമിതി ഓഫീസ്, സ്റ്റോർ റൂം എന്നിവയുടെ ജനൽച്ചില്ലുകൾ തകർക്കുകയും കസേരകൾ നശിപ്പിക്കുകയും ചെയ്തു. മറ്റ് മുറികളുടെ വാതിലുകൾ തകർക്കാനും ശ്രമം നടത്തിയതായാണ് റിപ്പോർട്ട്. സംഭവത്തിൽ ഏകദേശം രണ്ടുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. കേസുമായി ബന്ധപ്പെട്ട് രണ്ടുപേർക്കെതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തിട്ടുണ്ട്.






