ആലപ്പുഴ: കുളിക്കടവിൽ 56-കാരിയായ വീട്ടമ്മയെ ആക്രമിച്ച് പീഡനത്തിനിരയാക്കിയ ശേഷം പുഴയിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതിക്കായി പൊലീസ് വ്യാപക തിരച്ചിൽ തുടരുന്നു. ചെങ്ങന്നൂർ ഡിവൈ.എസ്.പി. ജെ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പരുമല കോട്ടക്കമാലി സ്വദേശിയായ സബിർ ആണ് കേസിലെ പ്രധാന പ്രതി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കുളിക്കടവിൽ തുണി നനയ്ക്കാൻ എത്തിയ വീട്ടമ്മയെ സബിർ ആക്രമിച്ച ശേഷം പീഡനത്തിനിരയാക്കുകയും പിന്നീട് പുഴയിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സബിർ, മുൻപ് കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്നു. അടുത്തിടെ അപ്പീൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് ഈ സംഭവം നടന്നത്.
പ്രതിയെ കണ്ടെത്തുന്നതിനായി കേരള പൊലീസിന്റെ ക്വിക് റെസ്പോൺസ് ടീമും ഡിവൈ.എസ്.പി.യുടെ പ്രത്യേക സംഘവും തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഡ്രോണുകൾ ഉപയോഗിച്ചും പരിശോധന തുടരുന്നുണ്ട്. പമ്പാനദിയുടെ ഇരുവശങ്ങളിലുമുള്ള പ്രദേശങ്ങളിൽ പൊലീസ് സംഘം വ്യാപകമായി പരിശോധന നടത്തിയെങ്കിലും ഇതുവരെ പ്രതിയെ കണ്ടെത്താനായിട്ടില്ല. പൊലീസിനൊപ്പം നാട്ടുകാരായ യുവാക്കളും തിരച്ചിലിൽ പങ്കാളികളായിട്ടുണ്ട്.






