കൊല്ലം: ഷാർജയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി കമ്പനി രേഖാമൂലം സതീഷിനെ അറിയിച്ചു.
ഷാർജയിലെ സ്വകാര്യ കമ്പനിയിൽ സൈറ്റ് എഞ്ചിനീയർ ആയിരുന്നു കൊല്ലം ശാസ്താംകോട്ട സ്വദേശിയായ സതീഷ്. ഒരു വർഷം മുൻപാണ് സതീഷ് ജോലിയിൽ പ്രവേശിച്ചത്.
അതുല്യയുടെ ബന്ധുക്കള്‍ നല്‍കിയ പരാതികളും സതീഷിന്റെ അക്രമാസക്തമായ പെരുമാറ്റ വീഡിയോകളും പരിഗണിച്ചാണ് നടപടിയെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.ശനിയാഴ്ചയാണ് അതുല്യയെ ഷാര്‍ജയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. അതുല്യ സതീഷില്‍ നിന്നും ശാരീരിക, മാനസിക പീഡനങ്ങള്‍ക്ക് ഇരയായിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.സംശയ രോഗിയും കടുത്ത മദ്യപാനിയുമായ സതീഷ് അതുല്യയെ കൊലപ്പെടുത്തിയതാണെന്ന അമ്മ തുളസീഭായിയുടെ മൊഴിയില്‍ തെക്കുംഭാഗം പോലീസ് സതീഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. അതുല്യയുടെ മൃതദേഹം ഷാര്‍ജ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.






