തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥനായി നടിച്ച് സ്പാ ഉടമയെ ഭീഷണിപ്പെടുത്തി ₹46,000 തട്ടിയെടുത്ത കേസിൽ വർക്കല ചിലക്കൂർ സ്വദേശി സജീർ (33) അറസ്റ്റിലായി.വർക്കല പാപനാശം ബ്ലാക്ക് ബീച്ചിലെ സ്പാ ഉടമയായ യുവതിയോട്, ‘റെയ്ഡ് ഒഴിവാക്കണമെങ്കിൽ ഇൻസ്പെക്ടർക്ക് പണം നൽകണം, ഇല്ലെങ്കിൽ സ്ഥാപനം അടപ്പിക്കും’ എന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. നഗരസഭയ്ക്കും പണം നൽകേണ്ടതുണ്ടെന്ന് പറഞ്ഞും ഇയാൾ വീണ്ടും പണം ആവശ്യപ്പെട്ടിരുന്നു.30,000 രൂപ പണമായും ശേഷിച്ച തുക ഗൂഗിൾ പേ വഴിയും പ്രതി കൈപ്പറ്റിയതായി അന്വേഷണം വ്യക്തമാക്കുന്നു. യുവതി നൽകിയ പരാതിയെ തുടർന്ന് വർക്കല പൊലീസ് നടപടി സ്വീകരിച്ചു.അറസ്റ്റിലായ സജീറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ വർക്കലയിലെ മറ്റ് സ്ഥാപനങ്ങളിലും സമാനമായി തട്ടിപ്പിൽ ഏർപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരുന്നു.






