ആലപ്പുഴ: രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഓട്ടോറിക്ഷ വൈദ്യുതിതൂണിൽ ഇടിച്ച് യുവതി മരിച്ചു. പുന്നപ്ര പറവൂർ നൈപ്പള്ളി വീട്ടിൽ ഗിത്താറിസ്റ്റ് സോണിമോന്റെ മകൾ പി.എസ്. സ്വാതി (22) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 1.30ഓടെ പഴയനടക്കാവ് റോഡിൽ പുന്നപ്ര അറവുകാട് ജങ്ഷൻ സമീപമാണ് അപകടം നടന്നത്.
രക്തസമ്മർദം ഉയർന്ന പിതൃസഹോദരി ദീപികയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. എതിർദിശയിൽ വന്ന ബൈക്കുമായി ഇടിക്കാതിരിക്കാൻ ഡ്രൈവർ വാഹനം വെട്ടിച്ചപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടു വൈദ്യുതിതൂണിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതിതൂൺ ഒടിഞ്ഞുവീണു.
ഓട്ടോറിക്ഷയുടെ പിന്നിൽ ഇടത് വശത്ത് ഇരുന്നിരുന്ന സ്വാതിക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന അമ്മാവൻ അഭിലാഷ്, അമ്മായി ദീപിക, ഡ്രൈവർ ഹരിസുധൻ എന്നിവർക്ക് ചെറിയ പരിക്കുകളാണ് ഉണ്ടായത്.




