തൃശ്ശൂർ: തൃശ്ശൂർ കോടാലിയിൽ എട്ട് വയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. ആൽജോയാണ് മരിച്ചത്. സഹോദരൻ അനോജിനും പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി രണ്ട് മണിയോടെ കുട്ടികൾക്ക് അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മുൻദിവസം അവക്കാഡോ ജ്യൂസ് കുടിച്ചതിനാൽ ആദ്യം ഭക്ഷ്യവിഷബാധയാണെന്ന് കുടുംബം കരുതി.
തുടർന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പാമ്പുകടിയേറ്റതാണെന്ന് വ്യക്തമായത്. രണ്ടു കുട്ടികളുടെയും ശരീരത്തിൽ പാമ്പുകടിയേറ്റ പാടുകൾ കണ്ടെത്തി. ചികിത്സയ്ക്കിടെ ആൽജോ മരിച്ചു. അനോജിന്റെ നില ഗുരുതരമാണ്. തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ പരിശോധനയിൽ കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്ക് അടിയിൽ നിന്ന് പാമ്പിനെ കണ്ടെത്തി. ശങ്കുവരയൻ എന്ന ഇനത്തിൽപ്പെട്ട പാമ്പാണെന്ന് തിരിച്ചറിഞ്ഞു.




