എറണാകുളം: വയനാട് ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ ഉണ്ടായെന്ന പരാതിയെ തുടർന്ന് റവന്യൂ മന്ത്രി കെ. രാജൻ നടത്തിയ പരിശോധനയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രിയുടെ സന്ദർശനം “നാടകമാത്രം” ആയിരുന്നുവെന്നും, ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിശോധിക്കേണ്ടത് എഞ്ചിനീയർമാരാണെന്നും സതീശൻ വിമർശിച്ചു.
“രാഹുൽ ഗാന്ധി കല്ലിടിച്ചതിന് പിന്നാലെ അടുത്ത ദിവസം തന്നെ വീട് പണിതെന്ന രീതിയിലുള്ള അവകാശവാദങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സർക്കാർ നിർമിച്ച വീടുകളുടെ യഥാർത്ഥ അവസ്ഥ പുറത്തുവന്നിരിക്കുകയാണ്,” എന്നും അദ്ദേഹം പറഞ്ഞു.
വയനാട് പുനരധിവാസ പദ്ധതിയിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും, തിരഞ്ഞെടുപ്പിന് മുൻപ് ഉദ്ഘാടന നാടകങ്ങൾ മാത്രം നടത്തിയതാണെന്നും സതീശൻ ആരോപിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു സർക്കാരിന്റെ ശ്രമമെന്നും, മുഴുവൻ നടപടികളും തിരഞ്ഞെടുപ്പ് പ്രചാരണ ലക്ഷ്യത്തോടെ നടത്തിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




