തൃശ്ശൂർ: ജിംനേഷ്യത്തിന്റെയും ബ്യൂട്ടി പാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ കൂടി വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. പഴുവിൽ കുറുമ്പിലാവ് കോട്ടം സ്വദേശി കളരിക്കൽ വീട്ടിൽ ശരത് കുമാർ (33), ഇരിങ്ങാലക്കുട മാപ്രാണം മാടായിക്കോണം സ്വദേശി അമ്പാട്ട് വീട്ടിൽ വൈശാഖ് (32) എന്നിവരാണ് അറസ്റ്റിലായത്.
തൃപ്രയാറിൽ ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്ന പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ചിറയത്ത് വീട്ടിൽ ശ്രീലക്ഷ്മിയെ (30) കഴിഞ്ഞ മാർച്ച് 23ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കരയാമുട്ടം സൊസൈറ്റിക്ക് സമീപത്തെ വാടകവീട്ടിൽ നിന്നാണ് ശ്രീലക്ഷ്മിയെ തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘവും വലപ്പാട് പൊലീസും ചേർന്ന് പിടികൂടിയത്. ഇവരിൽ നിന്ന് 2.270 കിലോഗ്രാം ഹാഷിഷ് ഓയിൽ, ലഹരിമരുന്ന് വിൽപ്പനയിലൂടെ ലഭിച്ച 90,500 രൂപ, ഹാഷിഷ് ഓയിൽ ചെറിയ അളവിൽ വിൽക്കാൻ ഉപയോഗിച്ചിരുന്ന 50 ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ എന്നിവ കണ്ടെത്തിയിരുന്നു.
തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ശ്രീലക്ഷ്മിക്ക് ഹാഷിഷ് ഓയിൽ എത്തിച്ചിരുന്നത് ശരത് കുമാറാണെന്ന് കണ്ടെത്തിയത്. ശരത് കുമാറിനും ചില ദിവസങ്ങളിൽ ശ്രീലക്ഷ്മിക്കും ഹാഷിഷ് ഓയിൽ എത്തിച്ചിരുന്നത് വൈശാഖാണെന്നും പൊലീസ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
വലപ്പാട് പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ പദ്മരാജന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. എസ്.ഐമാരായ മൗഷമി, അമൽദേവ്, ഉണ്ണി, സി.പി.ഒ അഖിൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.


