മലപ്പുറം : ബെയ്‌സ് ഇംഗ്ലീഷ് സ്കൂളിൽ കുട്ടികളുടെ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് മികവുറ്റതായി. നവംബർ 10 മുതൽ 13 വരെ നാല് ദിവസങ്ങളിലായി നടന്ന ഈ ക്ലാസ്സ് രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ടും ഉൾക്കാഴ്ച സമ്പന്നമായ ചർച്ചകളാലും ശ്രദ്ധേയമായി. പരിപാടിയുടെ പ്രധാന ലക്ഷ്യം, കൗമാരപ്രായത്തിലുള്ള കുട്ടികളിൽ നടക്കുന്ന മാനസിക, ശാരീരിക, സാമൂഹിക മാറ്റങ്ങളെ രക്ഷിതാക്കൾ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും, കുട്ടികളുമായി കൂടുതൽ വിശ്വാസപൂർണ്ണമായ ബന്ധം സ്ഥാപിക്കാനുമുള്ള മാർഗങ്ങൾ തേടുകയെന്നതായിരുന്നു.
കൗമാരപ്രായത്തിൽ കുട്ടികൾ നേരിടുന്ന വെല്ലുവിളികളും, മാതാപിതാക്കൾക്ക് അവയെ എങ്ങനെ മനസ്സിലാക്കാം, ശരിയായ സമയത്ത് എങ്ങനെ ഇടപെടാം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി. അക്കാദമിക്ക് കോഡിനേറ്റേഴ്സ് നാജിയ കെ, ഹർഷ, സിസ്റ്റം അനലിസ്റ്റ് ഹാറൂൺ സിദ്ദീഖി , മോറൽ ഇൻസ്ട്രക്ടർ പി. എസ് ജലീൽ, ജസീറ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.
മാനസികാരോഗ്യ ബോധവൽക്കരണം, സോഷ്യൽ മീഡിയയുടെ സ്വാധീനം, പഠന രീതികളിലെ മാറ്റങ്ങൾ, കുട്ടികളുമായി തുറന്ന ആശയവിനിമയത്തിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങൾയൂ ക്ലാസുകളിൽ വിശദമായി ചര്‍ച്ചചെയ്തു. രക്ഷിതാക്കൾക്ക് സംശയങ്ങൾ ചോദിക്കാനും അനുഭവങ്ങൾ പങ്കുവയ്ക്കാനുമുള്ള അവസരവും ഒരുക്കിയിരുന്നു. രക്ഷിതാക്കൾ പങ്കുവെച്ച അഭിപ്രായങ്ങൾ പ്രകാരം, ഈ പരിപാടി കുട്ടികളെയും രക്ഷിതാക്കളെയും തമ്മിൽ കൂടുതൽ അടുപ്പിക്കുന്നതിലും, കൗമാരപ്രായ പ്രശ്നങ്ങളെ നേരിടാനുള്ള ആത്മവിശ്വാസം വർധിപ്പിക്കുന്നതിലും നിർണായകമായി. പ്രിൻസിപ്പൽ റസാന ഒ. കെ അഡ്മിനിസ്ട്രേറ്റർ മുസ്തഫ കമാല്‍ എം സി. പരിപാടിക്ക് നേതൃത്വം വഹിച്ചു.




