അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വിവരങ്ങളിലെ കണക്കുകളും വെളിപ്പെടുത്തലുകളും ഞെട്ടിപ്പിക്കുന്നത്. ക്ഷേത്രത്തിലെ സംഭാവനകളിൽ നിന്ന് ദിവസവും 6 മുതൽ 8 ലക്ഷം രൂപ വരെ മോഷ്ടിക്കപ്പെട്ടിരുന്നതായാണ് സ്പെഷ്യൻ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. കേസിൽ അറസ്റ്റിലായവർ പണം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ രാമക്ഷേത്രത്തിൽ നിന്ന് പൊലീസിന് ലഭിച്ചു. അറസ്റ്റിലായ 8 പ്രതികളിൽ 6 പേരുടെ ദൃശ്യങ്ങളാണ് കിട്ടിയത്. കെട്ടുകണക്കിന് നോട്ടുകൾ ചാക്കുകളിലും വസ്ത്രങ്ങൾക്കുള്ളിലും ഒളിപ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അവിനാശ് ശുക്ല, ലവ്കുശ് മിശ്ര, അനുകൽപ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാമശങ്കർ മിശ്ര, രാം ശങ്കർ യാദവ് (ടിന്നു യാദവ്), സുഭാഷ് ശ്രീവാസ്തവ എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. ഇവരിൽ നിന്ന് 80 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ കിട്ടിയിരിക്കുന്നത് വെറും 45 ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ മാത്രമാണ് എന്നത് തട്ടിപ്പ് എത്രത്തോളം ഭീകരമാണെന്നതിന്റെ നേർചിത്രമാണ്.
തട്ടിപ്പ് വെളിച്ചത്തുവരുന്നതിന് മുമ്പ് രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടുകളിൽ ശരാശരി 16 മുതൽ 18 ലക്ഷം രൂപ വരെയാണ് ദിവസവും എത്തിയിരുന്നത്. എന്നാൽ കേസ് പുറത്തുവന്നതിന് ശേഷം ഇത് ദിവസവും 24 മുതൽ 26 ലക്ഷം രൂപയായി വർദ്ധിച്ചതായും ബാങ്ക് ഉദ്യോഗസ്ഥർ എസ്‌ഐടിയോട് വ്യക്തമാക്കി. എന്നുവെച്ചാൽ, വെളിച്ചത്താകുന്നതിന് മുന്നേ കിട്ടാവുന്ന അത്രയും അടിച്ചു മാറ്റുക എന്നത് തന്നെയായിരുന്നു ഉദ്ദേശമെന്ന് വ്യക്തം.
അന്വേഷണത്തിലെ പ്രധാന വിവരങ്ങൾ നോക്കാം, ക്ഷേത്രത്തിലെ പണമിടപാടുകൾ പരിശോധിക്കുന്ന എസ്‌ബിഐ ജീവനക്കാരുടെ പങ്ക് അന്വേഷണ പരിധിയിലാണ്. വിരമിച്ച ബാങ്ക് ജീവനക്കാരനായ സുഭാഷ് ശ്രീവാസ്തവയാണ് പണം എണ്ണുന്ന പ്രക്രിയയ്ക്ക് നേതൃത്വം നൽകിയിരുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ആഭരണങ്ങളുടെ കണക്കുകൾ കൃത്യമായി സൂക്ഷിച്ചിരുന്നില്ല, ഇത് തട്ടിപ്പ് കൂടുതൽ എളുപ്പമാക്കി. ഫെബ്രുവരിയിലാണ് തട്ടിപ്പ് ആദ്യമായി ശ്രദ്ധയിൽപ്പെട്ടത്. തട്ടിപ്പ് ശ്രദ്ധയിൽപ്പെടുത്തിയ ജീവനക്കാരനോട് എല്ലാം ദൈവം കാണുന്നുണ്ട് എന്നും, അത് നിന്റെയോ എന്റെയോ വീട്ടിൽ നിന്നല്ലല്ലോ പോകുന്നത് എന്നും സുഭാഷ് ശ്രീവാസ്തവ മറുപടി നൽകിയതായി റിപ്പോർട്ടുകളുണ്ട്.
ശ്രീ രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റ് അംഗമായ അനിൽ മിശ്രയ്ക്ക് ഭരണകാര്യങ്ങളിൽ ‘പരമാധികാരം’ നൽകിയിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. 2025 മാർച്ചിൽ പണം എണ്ണാനായി വന്ന 10 പേരെ ചമ്പത് റായ് അനിൽ മിശ്രയുടെ അടുത്തേക്കാണ് അയച്ചത്. അനിൽ മിശ്രയാണ് എല്ലാവരെയും അഭിമുഖം നടത്തി നിയമിച്ചത്. ഇവർക്ക് അകത്തേക്ക് പ്രവേശിക്കാനായി ഐഡന്റിറ്റി കാർഡ് പോലും ഉണ്ടായിരുന്നില്ല. പണവും ആഭരണങ്ങളും കൊള്ളയടിക്കുന്നുണ്ടോ എന്നു പരിശോധിക്കാൻ സംവിധാനങ്ങളും ഏർപ്പെടുത്തിയില്ല. കൊള്ളയിൽ ഉൾപ്പെട്ടവരെ പരസ്യമായി തള്ളി ആർഎസ്എസ് രംഗത്തെത്തിയതോടെ ഉത്തർപ്രദേശ് സർക്കാർ നടപടികൾ കടുപ്പിക്കുമെന്ന് ഉറപ്പായി. ചമ്പത് റായ് അടക്കമുള്ള വമ്പൻ സ്രാവുകൾ അറസ്റ്റിലായിട്ടില്ലെങ്കിലും ഏതു നിമിഷവും അതുണ്ടാകാം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിലുള്ള ശീതയുദ്ധത്തിന്റെ തുടർച്ചയാണ് നിലവിലെ സംഭവങ്ങളെന്നു കരുതുന്നവരും ഏറെയാണ്. അങ്ങനെ കരുതാൻ കാരണങ്ങളുണ്ട്. ക്ഷേത്രകാര്യങ്ങളിലും ഉത്തർപ്രദേശിലെ രാഷ്ട്രീയ കാര്യങ്ങളിലും യോഗിയുടെ അഭിപ്രായങ്ങൾ മാനിക്കാതെയായിരുന്നു പ്രധാനമന്ത്രി നീങ്ങിയിരുന്നത് എന്നൊരു അഭ്യൂഹമുണ്ട്. സുപ്രീം കോടതി വിധിയെത്തുടർന്ന് ട്രസ്റ്റ് രൂപീകരിച്ചതു മുതൽ യുപി സർക്കാരിനു കാര്യമായ പങ്കാളിത്തമുണ്ടായിരുന്നില്ല. പ്രധാനമന്ത്രി മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ നൃപേന്ദ്ര മിശ്രയായിരുന്നു രാമക്ഷേത്ര നിർമാണ സമിതിയുടെ ചുമതലക്കാരൻ. ക്ഷേത്രത്തിന്റെ നിലവിലെ ഭരണസംവിധാനങ്ങളും ആയിരത്തിലേറെ ജീവനക്കാരുടെ നിയമനങ്ങളുമെല്ലാം നടത്തിയതും ട്രസ്റ്റിന്റെ മേൽനോട്ടത്തിലായിരുന്നു.
രാമക്ഷേത്രത്തിന്റെ പേര് പറഞ്ഞ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുപിയിൽ നാനൂറിന് മുകളിൽ സീറ്റ് നേടുമെന്നും മോദി വിശ്വസിച്ചിരുന്നു. എന്നാൽ, കനത്ത തിരിച്ചടിയാണ് ഉത്തർപ്രദേശിൽ നിന്നുണ്ടായത്. 2019 ൽ ഉത്തർപ്രദേശിലെ 80 സീറ്റിൽ 71ലും ജയിച്ച ബിജെപിക്ക് 2024 ലഭിച്ചത് 36 സീറ്റുകൾ മാത്രം. അയോധ്യ ഉൾപ്പെടുന്ന സീറ്റും നഷ്ടമായി. യോഗി ആദിത്യനാഥിന്റെ അഭിപ്രായങ്ങൾ മുഖവിലയ്ക്കെടുക്കാതെ സ്ഥാനാർഥി നിർണയം നടത്തിയതാണു തിരിച്ചടിക്കു കാരണമെന്ന് അന്നുതന്നെ വിലയിരുത്തലുണ്ടായിരുന്നു.
കേസിൽ ഇതുവരെ എട്ട് പേരെ എസ്‌ഐടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായ്, ട്രസ്റ്റിമാരായ അനിൽ മിശ്ര, ഗോപാൽ റാവു എന്നിവരെ എസ്‌ഐടി രണ്ടാം തവണയും ചോദ്യം ചെയ്തു. ട്രസ്റ്റ് ഭാരവാഹികളുടെ ആസ്തി വർദ്ധനവ്, ഭൂമി വാങ്ങൽ, നിർമ്മാണത്തിലെ കമ്മീഷൻ ഇടപാടുകൾ എന്നിവയും അന്വേഷണത്തിന്റെ ഭാഗമാണ്. ഇനി, അടുത്ത വർഷമാദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ട സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഇപ്പോഴത്തെ സംഭവങ്ങൾ ഒരു തരത്തിലും ഗുണകരമാവില്ലെന്ന് ബിജെപിക്കും സംഘപരിവാറിനും നന്നായിട്ടറിയാം. എന്നിട്ടും നൃപേന്ദ്ര മിശ്രയുടെ വെളിപ്പെടുത്തൽ വന്നത് യോഗിയെ ഉന്നമിട്ടാണെന്ന് കരുതാം. അങ്ങനെ വരുമ്പോൾ ഒരു തിരിച്ചടിക്ക് യോഗിയും മുതിർന്നേക്കാം. പഴുതടച്ച അന്വേഷണത്തിലൂടെ പ്രധാനമന്ത്രിയുമായി അടുപ്പമുള്ളവർ ഉൾപ്പെടെ കുറ്റക്കാരെയെല്ലാം പൂട്ടാനുള്ള മറുനീക്കമാണ് യോഗിയുടെ ഭാഗത്ത് നിന്ന് വരുന്നതെന്ന് കരുതാം.











