ടെഹ്റാൻ: യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങിൽ ഇന്ത്യയുടെ പ്രതിനിധികൾ പങ്കെടുത്തു. ചടങ്ങിൽ ഇന്ത്യയുടെ പേരിൽ ആദരാഞ്ജലികൾ അർപ്പിച്ചു.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയും ബിഹാർ ഗവർണർ ലെഫ്റ്റനന്റ് ജനറൽ (റിട്ട.) സയ്യിദ് അതാ ഹസ്നൈനും ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യ സർക്കാരിനും ജനങ്ങൾക്കും വേണ്ടി അനുശോചനം രേഖപ്പെടുത്തിയതായി കേന്ദ്രമന്ത്രി അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും ഇന്ത്യ അനുശോചനം അറിയിച്ചു. ബിഹാർ ലോക്ഭവനും ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി.
ഇന്ത്യയിലെ ഇറാൻ എംബസി, ഇന്ത്യൻ പ്രതിനിധികൾ ഖമനേയിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. കൂടാതെ ഇന്ത്യൻ മത- രാഷ്ട്രീയ നേതാക്കളുടെ പ്രതിനിധി സംഘവും ചടങ്ങിൽ പങ്കെടുത്തതായി എംബസി അറിയിച്ചു.
ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിരുന്നു. കോൺഗ്രസിനെ പ്രതിനിധീകരിച്ച് മുൻ വിദേശകാര്യ മന്ത്രി സൽമാൻ ഖുർഷിദും ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യ-ഇറാൻ ബന്ധത്തിന്റെ ചരിത്രപരവും ജനങ്ങൾ തമ്മിലുള്ള ബന്ധവും കണക്കിലെടുത്താണ് ഉന്നതതല പ്രതിനിധി സംഘത്തെ അയച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.




