ധാക്ക: ബംഗ്ലാദേശിലെ പൊതുതെരഞ്ഞെടുപ്പ് അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുമെന്ന് ഇടക്കാല സർക്കാറിന്റെ തലവൻ മുഹമ്മദ് യൂനുസ് പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്നാലെ ഭരണഘടനാ പരിഷ്‌കരണ ലക്ഷ്യത്തോടെ രൂപീകരിച്ച ‘ജൂലൈ നാഷണൽ ചാർട്ടർ’ സംബന്ധിച്ച് ദേശീയ ഹിതപരിശോധനയും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ചാർട്ടറിനു വേണ്ടിയുള്ള നടപ്പാക്കൽ ഉത്തരവ് നേരത്തെ ഇടക്കാല സർക്കാർ അംഗീകരിച്ചിരുന്നു. ഹിതപരിശോധനയുടെ ഫലത്തെ അടിസ്ഥാനമാക്കി തുടർനടപടികൾ തീരുമാനിക്കുമെന്ന് യൂനുസ് ടെലിവിഷൻ പ്രസംഗത്തിൽ വ്യക്തമാക്കി.
“പുതിയ ബംഗ്ലാദേശിന്റെ നിർമ്മാണത്തിലേക്ക് സമാധാനപരവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് വഴി മുന്നേറാൻ കഴിയട്ടെ എന്ന് നിങ്ങൾ എല്ലാവരും പ്രാർത്ഥിക്കണം,സ്വതന്ത്രവും സുതാര്യവുമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ എല്ലാ സഹായവും സർക്കാർ നൽകുമെന്ന്” അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെ ഇടക്കാല സർക്കാറിന്റെ മുഖ്യ ഉപദേഷ്ടാവായി യൂനുസ് തുടരും. വോട്ടെടുപ്പിന് ശേഷം താൻ പദവി ഒഴിയുമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. “ഇന്നത്തെ പ്രസംഗത്തിന് ശേഷം തെരഞ്ഞെടുക്കപ്പെട്ട സർക്കാറിലേക്ക് അധികാരം കൈമാറുന്ന ഏറ്റവും നിർണായക ഘട്ടത്തിലേക്ക് നാം കടക്കുകയാണ്”എന്നും യൂനുസ് പ്രസ്താവിച്ചു.
തെരഞ്ഞെടുപ്പ് ഏപ്രിലിൽ നടത്താമെന്നായിരുന്നു യൂനുസിന്റെ മുൻ വിലയിരുത്തൽ. എന്നാൽ 170 ദശലക്ഷം ജനങ്ങളുള്ള മുസ്ലിം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിൽ റമദാൻ തുടങ്ങും മുമ്പ് തന്നെ തിരഞ്ഞെടുപ്പ് വേണമെന്നായിരുന്നു പ്രധാന രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം.






