കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട് ബാറില്‍ നടന്ന സംഘർഷത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൈതപ്പൊയില്‍ സ്വദേശി മുഹമ്മദ് ഷാമില്‍ (20), പുതുപ്പാടി സ്വദേശി മുഹമ്മദ് അബ്ദുള്ള (21), മയിലള്ളാം സ്വദേശി വിപി അര്‍ജുന്‍ (21), അടിവാരം സ്വാദേശി കെ.ആര്‍ വൈഷ്ണവ് (20) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ബാറിലെ വഴക്കിനിടെ പ്രതികൾ ബിയർ കുപ്പികൊണ്ട് യുവാവിനെ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. യുവാക്കൾ തമ്മിൽ ബാറിലുണ്ടായ വാക്കുതര്‍ക്കം പിന്നീട് കൈയ്യേറ്റത്തില്‍ കലാശിക്കുകയായിരുന്നു. ബിയര്‍ കുപ്പി ഉപയോഗിച്ചാണ് യുവാവിനെ ഷാമിലും സംഘവും ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ചികിത്സയിലാണ്. പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ചുമത്തിയാണ് പോലീസ് കേസെടുത്തത്.






