കോട്ടയം :മദ്യനയത്തെ സർക്കാർ തിരുത്തണമെന്ന ആവശ്യവുമായി ഓർത്തഡോക്സ് സഭ. മദ്യ ഉപയോഗം കുറയ്ക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന സർക്കാർ മദ്യത്തിന്റെ ലഭ്യത സുലഭമാക്കുന്നത് ഖേദകരമാണെന്നും ഓർത്തഡോക്സ് സഭ കുറ്റപ്പെടുത്തി. കൂടാതെ സംസ്ഥാനത്ത് ബാറുകൾ കൂണുകൾ പോലെ പൊട്ടി മുളയ്ക്കുകയാണെന്നും കഴിഞ്ഞ 9 വർഷത്തിനിടെ ബാറുകളുടെ എണ്ണം വർദ്ധിച്ചു എന്നും മദ്യ വർജ്ജന സമിതി പ്രസിഡന്റ യൂഹാനോൻ മാർ പോളികാർപ്പോസ് പറഞ്ഞു .
അതേസമയം സർക്കാരിന്റെ മദ്യനയം ഇരട്ടത്താപ്പാണെന്ന് ചൂണ്ടിക്കാട്ടി കെസിബിസി അടക്കം രംഗത്ത് വന്നിരുന്നു. ടൂറിസം മേഖലകളിൽ ഡ്രൈ ഡേ ഒഴിവാക്കിക്കൊണ്ടുള്ള പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു . ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകൾക്ക് ഡ്രൈഡേയിൽ മദ്യം നൽകാം എന്നതാണ് പുതിയ നയം.






