തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നിലവിൽ ബംഗാൾ ഉൾക്കടലിന് മുകളിലുള്ള ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. മധ്യ തമിഴ്നാടിന് സമീപം ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലേർട്ടാണ്. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കടലിൽ പോകുന്നവർ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ തന്നെ തുറസായ സ്ഥലങ്ങളിൽ നിന്ന് മാറി സുരക്ഷിതമായ കെട്ടിടത്തിനുള്ളിൽ അഭയം തേടണം. ജനലുകൾക്കും വാതിലുകൾക്കും സമീപം നിൽക്കുന്നത് ഒഴിവാക്കണം. ഇടിമിന്നലുള്ള സമയത്ത് വൈദ്യുതോപകരണങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുകയും സാധ്യമെങ്കിൽ ഉപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും വേണം.
മരങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയോ ചെയ്യരുത്. ഇടിമിന്നൽ സമയത്ത് കുളിക്കുന്നതും ജലാശയങ്ങളിൽ ഇറങ്ങുന്നതും ഒഴിവാക്കണം. ബൈക്ക്, സൈക്കിൾ, ട്രാക്ടർ തുടങ്ങിയ തുറന്ന വാഹനങ്ങളിലുള്ള യാത്രയും ഒഴിവാക്കി സുരക്ഷിതമായ കെട്ടിടത്തിൽ അഭയം തേടണം.
തുറസായ സ്ഥലത്ത് നിന്ന് ഉടൻ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ പാദങ്ങൾ ചേർത്തുവെച്ച് തല കാൽമുട്ടുകൾക്കിടയിൽ ഒതുക്കി താഴ്ന്ന നിലയിൽ ഇരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
മിന്നലേറ്റ വ്യക്തിയുടെ ശരീരത്തിൽ വൈദ്യുത പ്രവാഹം തുടരുന്നില്ല. അതിനാൽ മിന്നലേറ്റവർക്ക് ഉടൻ പ്രഥമശുശ്രൂഷ നൽകുകയും അടിയന്തര വൈദ്യസഹായം ഉറപ്പാക്കുകയും വേണം. മിന്നലേറ്റതിന് ശേഷമുള്ള ആദ്യ 30 സെക്കൻഡ് നിർണായകമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.












