ന്യൂഡൽഹി : പഞ്ചാബി ഗായകൻ സിദ്ധു മൂസ് വാലയുടെ കൊലപാതകത്തെ കേന്ദ്രീകരിച്ചുള്ള രണ്ട് ഭാഗങ്ങളുള്ള ഡോക്യൂമെന്ററി പുറത്ത് വിട്ട് ബിബിസി. മൂസ് വാലയുടെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു ഈ റിലീസ്. അതേസമയം മൂസ് വാലയുടെ കുടുംബത്തിന്റെ എതിർപ്പുകളും പരാതികളും ഉണ്ടായിരുന്നിട്ടും ബിബിസി ഈ ഡോക്യൂമെന്ററി പുറത്തിറക്കിയെന്നാണ് ലഭിക്കുന്ന വിവരം. മൂസ് വാലയുടെ ചില പഴയ സുഹൃത്തുക്കൾ, പത്രപ്രവർത്തകർ, പഞ്ചാബിലെയും ഡൽഹിയിലെയും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവരുമായുള്ള അഭിമുഖങ്ങൾ ഈ ഡോക്യൂമെന്ററിയിൽ ഉൾപ്പെടുന്നു.
2022 മെയ് 29 ന് മൻസ ജില്ലയിലെ ജവഹർ കെ ഗ്രാമത്തിൽ മൂസ് വാലയുടെ കൊലപാതകത്തിന് നേതൃത്വം നൽകിയതായി ആരോപിക്കപ്പെടുന്ന ഗുണ്ടാസംഘം ഗോൾഡി ബ്രാറുമായുള്ള ഓഡിയോ അഭിമുഖവും ഇതിൽ ഉൾപ്പെടുന്നു.കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു സിനിമാ ഹാളിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ബിബിസി പദ്ധതിയിട്ടിരുന്നു, എന്നാൽ വിവാദത്തെത്തുടർന്ന്, ചിത്രം യൂട്യൂബിൽ റിലീസ് ചെയ്യാൻ അവർ തീരുമാനിച്ചു.’ദി കില്ലിംഗ് കോൾ’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയുടെ ആദ്യ എപ്പിസോഡ് മൂസ് വാലയുടെ ആദ്യകാല ജീവിതം, പ്രശസ്തിയിലേക്കുള്ള യാത്ര, അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ എന്നിവ കാണിക്കുന്നു.
രണ്ടാമത്തെ എപ്പിസോഡ് അദ്ദേഹത്തിന്റെ കൊലപാതകത്തിലേക്ക് നയിച്ചതും തുടർന്നുണ്ടായതുമായ സംഭവങ്ങൾ എന്നിവയാണ് കാണിക്കുന്നത്. അതേസമയം അദ്ദേഹത്തിന്റെ പിതാവ് ചിത്രത്തിന്റെ പ്രദർശനം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു , ജൂൺ 12 നാകും കോടതി ഈ ഹർജി പരിഗണിക്കുക.






