പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയില്‍വേ സ്റ്റേഷനില്‍ വൻ കഞ്ചാവ് വേട്ട. 47.7 കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശികളായ യുവതീയുവാക്കള്‍ പിടിയില്‍.ട്രെയിനിലൂടെയുള്ള ലഹരി കടത്തിനെതിരായി പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും റെയില്‍വേ പോലീസ് ഡാൻസാഫ് സ്ക്വാഡും എക്സൈസ് റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയില്‍ ശനിയാഴ്ച രാവിലെ പാലക്കാട് ജംഗ്ഷനില്‍ എത്തിച്ചേർന്ന സന്ത്രാഗച്ചി-മംഗലാപുരം വിവേക് എക്സ്പ്രസ്സില്‍ നിന്നാണ് പശ്ചിമബംഗാള്‍ ഹൂഗ്ലി സ്വദേശികളായ സജല്‍ ഹല്‍ദർ, ലൗലി മാലാകർ എന്നിവരുടെ കൈവശമുണ്ടായിരുന്ന മൂന്ന് വലിയ ട്രോളി സൂട്ട് കേസുകളിലായി കടത്തിക്കൊണ്ടുവന്ന 47.7 കിലോ കഞ്ചാവ് പിടിച്ചെടുത്തത്.
പിടികൂടിയ കഞ്ചാവിന് 24 ലക്ഷത്തോളം രൂപ വില വരും. സംഭവത്തില്‍ എക്സൈസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.ഒഡീഷയില്‍ നിന്ന് കണ്ണൂർക്ക് കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. കണ്ണൂർ, അഴീക്കോട്, വളപട്ടണം, മട്ടന്നൂർ എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തുന്ന സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായവർ എന്ന് അന്വേഷണോദ്യഗസ്ഥർ അറിയിച്ചു. അറസ്റ്റിലായ യുവാവിനെതിരെ കണ്ണൂരില്‍ കഞ്ചാവ് കേസ് നിലവിലുണ്ട്.






