തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് കൂട്ടായണിമൂട്ടിൽ പ്രഭാതസവാരിക്കിറങ്ങിയ രണ്ട് വയോധികരെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. ഇന്ന് രാവിലെ ഏകദേശം അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. ബന്ധുക്കളായ ഗീത, സുധ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഗീതയ്ക്ക് ഗുരുതര പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബൈക്ക് ഇടിച്ചതിനെ തുടർന്ന് യാത്രക്കാരനും റോഡിൽ വീണിരുന്നു. എന്നാൽ പിന്നീട് സമീപത്ത് വന്ന കാൽനടയാത്രക്കാരോട് സംസാരിച്ച ശേഷം ഇയാൾ ബൈക്കുമായി സ്ഥലം വിട്ടതായി സിസിടിവി ദൃശ്യങ്ങളിൽ കാണുന്നു. സംഭവത്തിന് പിന്നാലെ ആര്യനാട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ പ്രദേശത്ത് സ്ഥിരമായി അപകടങ്ങൾ സംഭവിക്കുന്നതായി നാട്ടുകാർ പറയുന്നു. അതിനാൽ ഇവിടെ വേഗ നിയന്ത്രണ സംവിധാനം ഒരുക്കണമെന്ന ആവശ്യവും നാട്ടുകാർ നേരത്തെ ഉയർത്തിയിരുന്നു.




