പത്തനംതിട്ട: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ നിലപാട് മാറ്റിയ പശ്ചാത്തലത്തിൽ പന്തളം കൊട്ടാരം ഭാരവാഹികളെ സിപിഐ നേതാക്കൾ സന്ദർശിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം രാത്രി കൊട്ടാരത്തിൽ എത്തിയത്. സിപിഐ ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാറും അടൂർ മണ്ഡലത്തിലെ സ്ഥാനാർഥി പ്രിജി കണ്ണനും സംഘത്തോടൊപ്പമുണ്ടായിരുന്നു.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ദീർഘകാലമായി തുടരുന്ന ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന നിലപാടാണ് പന്തളം കൊട്ടാരം സുപ്രീംകോടതിയിൽ സമർപ്പിച്ച വാദത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. യുവതി പ്രവേശന വിഷയത്തിൽ മതപണ്ഡിതരും സാമൂഹിക നേതാക്കളും ഉൾപ്പെടുന്ന സമിതി രൂപീകരിച്ച് അവരുടെ അഭിപ്രായം തേടണമെന്നാണ് സംസ്ഥാന സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്.
സുപ്രീംകോടതി വിധിക്കെതിരെ ഭക്തരായ സ്ത്രീകളിൽ നിന്നുതന്നെ എതിർപ്പ് ഉയർന്നതായി സർക്കാർ സത്യവാങ്മൂലത്തിൽ സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ശബരിമല വിഷയത്തിൽ നേരത്തെ സ്വീകരിച്ച നിലപാടിൽ നിന്ന് ഇടതു സർക്കാർ പുനർവിചാരം നടത്തുന്നതായാണ് വിലയിരുത്തൽ.
വർഷങ്ങളായി തുടരുന്ന ആചാരങ്ങളെക്കുറിച്ച് കോടതി പരിശോധിക്കേണ്ട സാഹചര്യം ഉണ്ടെങ്കിൽ അതത് മതവിഭാഗത്തിലെ മതപണ്ഡിതരുടെയും സാമൂഹിക പരിഷ്കർത്താക്കളുടെയും അഭിപ്രായം തേടണമെന്ന് സർക്കാർ വ്യക്തമാക്കുന്നു. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കണമെന്നും പറയുന്നു.
വിശാലമായ കൂടിയാലോചനകളില്ലാതെ കോടതികൾ ആചാരങ്ങളിൽ ഇടപെടരുതെന്നും സർക്കാർ വാദിക്കുന്നു. കൂടാതെ മതവിഭാഗങ്ങളുടെ ആചാരങ്ങളെ മതത്തിന് പുറത്തുള്ളവർ പൊതുതാൽപര്യ ഹർജിയിലൂടെ ചോദ്യം ചെയ്യാനാവില്ലെന്നും സംസ്ഥാനം കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.






