പാലാ: ബിജെപിയിലേക്ക് ചേക്കേറുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ തള്ളി പാലാ നഗരസഭയിലെ മൂന്ന് സ്വതന്ത്ര കൗൺസിലർമാർ. തങ്ങൾ യുഡിഎഫിന്റെ ഭാഗമായി തന്നെ ഉറച്ചുനിൽക്കുമെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും പുളിക്കക്കണ്ടം കുടുംബം വ്യക്തമാക്കി. വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ കേരള കോൺഗ്രസ് എം നേതാക്കളാണെന്ന് ചെയർപേഴ്സൺ ദിയ പുളിക്കക്കണ്ടം പറഞ്ഞു.
ഷോൺ ജോർജിനൊപ്പം ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത ചിത്രമാണ് തെറ്റായ രീതിയിൽ പ്രചരിപ്പിക്കപ്പെട്ടത്. ഒരു വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ചെയർപേഴ്സൺ എന്ന നിലയിൽ ദിയ പങ്കെടുത്തിരുന്നു. ഈ ചിത്രത്തിൽ നിന്നും ഷോണിനെയും ദിയയെയും മാത്രമാക്കി വെട്ടിമാറ്റിയാണ് രാഷ്ട്രീയ മാറ്റമെന്ന രീതിയിൽ ചിലർ പ്രചരിപ്പിച്ചത്. ഇത്തരം വാർത്തകൾ തികച്ചും വാസ്തവവിരുദ്ധമാണെന്ന് കുടുംബം അറിയിച്ചു.
തങ്ങൾ നിലവിൽ യുഡിഎഫിന്റെ ഭാഗമാണെന്നും മാണി സി. കാപ്പനെ മന്ത്രിയായി കാണാനാണ് തങ്ങളുടെ ആഗ്രഹമെന്നും ദിയ പറഞ്ഞു. സംസ്ഥാനത്ത് യുഡിഎഫ് ഭരണത്തിൽ വരണമെന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നത്. രാഷ്ട്രീയത്തെയും സൗഹൃദത്തെയും കൂട്ടിക്കുഴയ്ക്കേണ്ടതില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായി തങ്ങളുടെ കുടുംബത്തിന് മൂന്ന് പതിറ്റാണ്ടിലേറെയായുള്ള അടുത്ത ബന്ധമുണ്ട്. അത് രാഷ്ട്രീയ മാറ്റമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അവർ കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയമായി തങ്ങളെ തളർത്താനുള്ള ആസൂത്രിത നീക്കമാണ് ഈ കുപ്രചരണത്തിന് പിന്നിലെന്ന് പുളിക്കക്കണ്ടം കുടുംബം ആരോപിച്ചു.









