തിരുവനന്തപുരം: മഹാത്മാ ഗാന്ധിയുടെ ചെറുമകനായ തുഷാർ ഗാന്ധിക്കെതിരെ പരാതിയുമായി ബിജെപി. നെയ്യാറ്റിൻകരയിൽ നടത്തിയ പ്രസംഗത്തിൽ തുഷാർ ഗാന്ധിക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. കലാപ ശ്രമത്തിനും വിദ്വേഷ പ്രസംഗത്തിനും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് പരാതിയിൽ പറയുന്നത്. പ്രതിമ അനാച്ഛാദനത്തിന് എത്തിയ തുഷാർ ഗാന്ധിയെ തടഞ്ഞതിന്റെ പേരിൽ അറസ്റ്റിലായ രണ്ട് പേരാണ് പരാതി നൽകിയിരിക്കുന്നത്.
സംഘാടകർക്ക് ഒപ്പം ചേർന്ന് കലാപത്തിന് ഗൂഢാലോചന നടത്തിയെന്നും വിദ്വേഷ പ്രസംഗം നടത്തിയെന്നുമാണ് നെയ്യാറ്റിൻകര പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. അതേസമയം തുഷാർ ഗാന്ധിയെ തടഞ്ഞതുമായി ബന്ധപ്പെട്ട് നെയ്യാറ്റിൻക്കര പോലീസ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ ബിജെപി കൗൺസിലർ മഹേഷ് അടക്കം അഞ്ച് പേരാണ് അറസ്റ്റിലായിരിക്കുന്നത്. എന്നാൽ ഇവരെ പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തു.






