തൃശ്ശൂർ: ചേറ്റൂർ ശങ്കരൻ നായർക്ക് പിന്നാലെ സ്വാതന്ത്ര്യസമരസേനാനിയും കോൺഗ്രസ് നേതാവുമായിരുന്ന വി.ആർ. കൃഷ്ണനെഴുത്തച്ഛനെയും ലക്ഷ്യംവെച്ച് ബിജെപി. വി.ആറിന്റെ 21-ാം ചരമവാർഷികദിനമായ മെയ് 13-ന് അനുസ്മരണസദസ്സിലൂടെയാണ് ശ്രമം.
കോൺഗ്രസ്സും ബിജെപിയും പരിപാടികൾ നടത്തുന്നുണ്ട്. വി.ആർ. കൃഷ്ണനെഴുത്തച്ഛന്റെ അവണിശ്ശേരിയിലെ വീട്ടിലാണ് ഇരുകൂട്ടരുടെയും പുഷ്പാർച്ചനകൾ. രാവിലെ എട്ടിന് കോൺഗ്രസിന്റെയും ഒൻപതിന് ബിജെപിയുടേതും. കോൺഗ്രസിന്റെ അനുസ്മരണയോഗം 9.30-ന് തൊട്ടടുത്തുള്ള വി.ആർ. നവതിമന്ദിരത്തിലും ബിജെപിയുടേത് 9.30-ന് വി.ആറിന്റെ വീട്ടിൽത്തന്നെയുമാണ്.
വി.ആർ. കൃഷ്ണനെഴുത്തച്ഛന്റെ മകൻ വി.കെ. ജയഗോവിന്ദനും കുടുംബവും ബിജെപിയിൽ ചേർന്നിരുന്നു. ജില്ലാ പഞ്ചായത്തിലേക്ക് ചേർപ്പിൽനിന്ന് മത്സരിക്കുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹമാണ് ഇപ്പോൾ വി.ആറിന്റെ വീട്ടിൽ താമസിക്കുന്നത്. മറ്റു മക്കളിൽ ചിലർ കോൺഗ്രസ് അനുസ്മരണത്തിൽ പങ്കെടുക്കുമെന്നും സൂചനയുണ്ട്. സ്വാതന്ത്ര്യസമരസേനാനി എന്ന വിശേഷണം മാത്രമാണ് ഇതു സംബന്ധിച്ച ബിജെപി നോട്ടീസിലുള്ളത്. എന്നാൽ, കോൺഗ്രസ് നോട്ടീസിൽ മറ്റുവിശേഷണങ്ങൾക്കൊപ്പം മരണംവരെ കറകളഞ്ഞ കോൺഗ്രസുകാരനായിരുന്നു എന്നും ചേർത്തിട്ടുണ്ട്.






