തിരുവനന്തപുരം: ബോർഡ്, കോർപ്പറേഷൻ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ നേതൃപദവികളിലേക്ക് നിയമനം നടത്തുമ്പോൾ സീനിയോറിറ്റിക്കും അർഹതയുണ്ടായിട്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതും പ്രധാന മാനദണ്ഡങ്ങളാക്കാൻ കോൺഗ്രസ്. പദവി നിർവഹിക്കാനുള്ള യോഗ്യതയ്ക്കും പരിഗണന നൽകും. പ്രധാന സ്ഥാപനങ്ങളിൽ മുതിർന്ന നേതാക്കളെ തന്നെ നിയമിക്കണമെന്ന ആവശ്യം കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ ശക്തമായി ഉയർന്നിരുന്നു.
ഇടതുപക്ഷത്തിന് മേൽക്കൈയുള്ള മണ്ഡലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്കും ഭാവിയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിക്കാൻ സാധ്യത കുറവുള്ളവർക്കും നിയമനങ്ങളിൽ മുൻഗണന നൽകാനാണ് നീക്കം. പാർട്ടിയിൽ ദീർഘകാലമായി സജീവമായി പ്രവർത്തിച്ചിട്ടും ഇതുവരെ കാര്യമായ പദവികൾ ലഭിക്കാത്തവരെയും പരിഗണിക്കും. ഡിസിസി ഭാരവാഹിത്വം വരെയുള്ള നേതാക്കളെയാണ് പ്രധാനമായും പരിഗണിക്കുക.
സാമുദായിക നേതൃത്വങ്ങളിൽനിന്ന് സമ്മർദമുണ്ടാകാൻ സാധ്യതയുണ്ടെങ്കിലും പാർട്ടിയിലെ പങ്കാളിത്തവും പ്രവർത്തനപരിചയവും കൂടി വിലയിരുത്തിയ ശേഷമായിരിക്കും നിയമനത്തിനുള്ള അന്തിമ തീരുമാനം. തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതിരുന്ന ഘടകകക്ഷി നേതാക്കളെയും പ്രത്യേക പരിഗണന അർഹിക്കുന്ന മുതിർന്ന നേതാക്കളെയും പദവി വിഭജനത്തിൽ പരിഗണിക്കാനാണ് ധാരണ.
ഏകദേശം 150ഓളം സ്ഥാപനങ്ങളിലാണ് രാഷ്ട്രീയ നിയമനങ്ങൾ നടത്താനാകുമെന്നാണ് പ്രാഥമിക കണക്ക്. ഓരോ മന്ത്രിയുടെയും വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ വിശദാംശങ്ങൾ യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശിന് കൈമാറാൻ മന്ത്രിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
എംഎൽഎമാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഓരോ ഘടകകക്ഷിക്കും നിയമനങ്ങളിൽ വിഹിതം നൽകണമെന്ന നിർദേശം കോൺഗ്രസ് മുന്നോട്ടുവയ്ക്കും. 63 എംഎൽഎമാരുള്ള കോൺഗ്രസിന് മുൻകാലങ്ങളിലേതിനേക്കാൾ കൂടുതൽ സ്ഥാനങ്ങൾക്ക് അർഹതയുണ്ടെന്നാണ് പാർട്ടിയുടെ നിലപാട്. കോൺഗ്രസിന് ചെയർമാൻ, പ്രസിഡന്റ് പദവികൾ ലഭിക്കുന്ന സ്ഥാപനങ്ങളിൽ ഘടകകക്ഷികൾക്ക് അംഗത്വം നൽകും. ഘടകകക്ഷികൾക്ക് അധ്യക്ഷ പദവി ലഭിക്കുന്ന സ്ഥാപനങ്ങളിൽ കോൺഗ്രസിനും അംഗത്വം ഉറപ്പാക്കുന്ന തരത്തിലാകും ക്രമീകരണം.
അതേസമയം, ഭരണപരിഷ്കാര കമ്മിഷൻ ഒഴിവാക്കണമെന്ന അഭിപ്രായവും കോൺഗ്രസിനുള്ളിൽ ശക്തമാണ്. കാബിനറ്റ് റാങ്കോടെ ചെയർമാനെ നിയമിക്കുന്ന സംവിധാനത്തിലൂടെ അധിക ചെലവുണ്ടാകുന്നതിനാൽ ഇത് ഒഴിവാക്കുന്നത് ചെലവുചുരുക്കലിന്റെ സന്ദേശം നൽകുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.
ബോർഡ്, കോർപ്പറേഷൻ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ നിയമന നടപടികൾ സെപ്റ്റംബറോടെ പൂർത്തിയാക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ലക്ഷ്യം.













