തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തസ്ഥലത്ത് നിന്ന് വീണ്ടും മനുഷ്യ ശരീരഭാഗങ്ങൾ കണ്ടെത്തി. കൈയുടെ ഭാഗങ്ങളാണ് ഇത്തവണ ലഭിച്ചത്. വെടിക്കെട്ട് പുരയിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള പ്രദേശത്തുനിന്നാണ് കണ്ടെത്തിയത്. തെരുവുനായ്ക്കൾ കൊണ്ടുവന്നതാകാമെന്നാണു പ്രാഥമിക സംശയം.
മുണ്ടത്തിക്കോട് പാടശേഖരങ്ങളിലെ രണ്ടിടങ്ങളിൽ നിന്നും കൂടി ചെറുഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. കെഡാവർ നായ്ക്കളുടെ സഹായത്തോടെയാണ് പരിശോധന നടത്തുന്നത്. പത്ത് പേരടങ്ങുന്ന സംഘങ്ങളായി തിരിഞ്ഞ് പൊലീസ് സമീപവീടുകളുടെയും പരിസരങ്ങളുടെയും പരിശോധന നടത്തും. നാട്ടുകാരുടെയും സഹകരണം ലഭ്യമാക്കുന്നുണ്ട്.
അതേസമയം, ദുരന്തസ്ഥലത്ത് നിന്ന് ലഭിച്ച ശരീരഭാഗങ്ങളുടെ ഡിഎൻഎ പരിശോധന ഫലം നാളെ മുതൽ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. പരിശോധന വേഗത്തിലാക്കുന്നതിനായി തൃശൂർ മെഡിക്കൽ കോളേജിൽ മൊബൈൽ ഡിഎൻഎ ടെസ്റ്റിംഗ് യൂണിറ്റ് സജ്ജമാക്കിയിട്ടുണ്ട്. ഇതുവരെ 29 ശരീരഭാഗങ്ങളിൽ നിന്നും തിരിച്ചറിയാത്ത മൃതദേഹങ്ങളിൽ നിന്നുമുള്ള സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.




