ഫിലാഡല്‍ഫിയ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ ഹെയ്തിക്കെതിരെ ബ്രസീലിന് തകർപ്പൻ വിജയം. മാത്യൂസ് ക്യൂഞ്ഞയുടെ ഇരട്ട ഗോളുകളും വിനീഷ്യസ് ജൂനിയറിന്റെ ഒരു ഗോളും ചേർന്നാണ് ബ്രസീൽ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയം സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ തന്നെ മൂന്നു ഗോളുകളും നേടി മത്സരത്തിൽ ആധിപത്യം ഉറപ്പിച്ച ബ്രസീൽ, പിന്നീടുള്ള സമയത്ത് ഉറച്ച പ്രതിരോധം കാഴ്ചവെച്ച് ലീഡ് നിലനിർത്തുകയായിരുന്നു.
ആദ്യ മത്സരത്തിൽ മൊറോക്കോയോട് സമനില വഴങ്ങിയ അഞ്ചുതവണ ലോകചാമ്പ്യന്മാരായ ബ്രസീലിന് ഈ വിജയം വലിയ ആശ്വാസമായി. പരിക്കിനെ തുടർന്ന് ഒരു മാസത്തിലേറെയായി വിശ്രമത്തിലായിരുന്ന സൂപ്പർ താരം നെയ്മർ ഇല്ലാതെയാണ് ടീം കളത്തിലിറങ്ങിയത്. മറുവശത്ത്, ആദ്യ മത്സരത്തിൽ സ്‌കോട്ട്‌ലൻഡിനോട് തോറ്റെങ്കിലും, വേഗതയേറിയ ആക്രമണങ്ങളിലൂടെ ഹെയ്തി ചില ഘട്ടങ്ങളിൽ ബ്രസീലിന് വെല്ലുവിളി ഉയർത്തി. 1974ന് ശേഷം ആദ്യമായാണ് ഹെയ്തി ലോകകപ്പിൽ പങ്കെടുക്കുന്നത്.
മത്സരത്തിന്റെ 40-ാം മിനിറ്റിൽ പരിക്കേറ്റതിനെ തുടർന്ന് ബ്രസീലിയൻ വിംഗർ റാഫീഞ്ഞയ്ക്ക് കളം വിടേണ്ടിവന്നത് ടീമിന് ആശങ്കയായി. കാർലോ ആൻസലോട്ടിയുടെ കീഴിൽ പ്രധാന താരമായ 29-കാരനായ ബാഴ്‌സലോണ താരം റാഫീഞ്ഞ, യോഗ്യതാ റൗണ്ടിൽ 18 മത്സരങ്ങളിൽ 13-ൽ കളിച്ച് 24 ഗോളുകളിൽ 5 എണ്ണം സ്വന്തമാക്കിയിട്ടുണ്ട്.
ഈ ജയത്തോടെ ഗ്രൂപ്പ് സിയിൽ ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ ബ്രസീൽ ഒന്നാമതെത്തി. രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റാണ് ടീമിന്റെ സമ്പാദ്യം. ബ്രസീലിന്റെ അടുത്ത മത്സരം 25-ാം തീയതി പുലർച്ചെ 3.30ന് സ്‌കോട്ട്‌ലൻഡിനെതിരെയാണ്.





