ന്യൂഡൽഹി: സി.പി.എം. രാജ്യസഭാംഗം ജോൺ ബ്രിട്ടാസിനെതിരെ ബി.ജെ.പി. എം.പി. സുഷ്മിതാ ദേവ് നടത്തിയ ‘ലുങ്കീവാലാ’ പരാമർശത്തെച്ചൊല്ലി രാജ്യസഭയിൽ ബഹളം. സംഭവത്തിൽ സുഷ്മിതാ ദേവിനെതിരെ ജോൺ ബ്രിട്ടാസ് രാജ്യസഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണന് അവകാശലംഘന നോട്ടീസ് നൽകി.
പരാമർശത്തെ തുടർന്ന് ഭരണപക്ഷ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാഗ്വാദമുണ്ടായി. ബഹളം ശക്തമായതോടെ സഭാനടപടികൾ തടസ്സപ്പെട്ടു. തുടർന്ന് അധ്യക്ഷൻ ഇടപെട്ട് സഹപ്രവർത്തകരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിൽ സംസാരിക്കരുതെന്ന് അംഗങ്ങൾക്ക് നിർദേശം നൽകി. ഇന്ത്യയുടെ സംസ്കാരം വിവിധ പ്രാദേശിക സ്വത്വങ്ങളെയും പാരമ്പര്യങ്ങളെയും ഉൾക്കൊള്ളുന്നതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ബഹളത്തെ തുടർന്ന് രാജ്യസഭ ഉച്ചയ്ക്ക് രണ്ടുമണിവരെ നിർത്തിവെച്ചു.
അതേസമയം, എല്ലാ സംസ്ഥാനങ്ങളിലെയും വസ്ത്രധാരണ രീതികളെ ബഹുമാനിക്കുന്നുവെന്ന് ബി.ജെ.പി. നേതാവ് ജെ.പി. നഡ്ഡ സഭയിൽ വ്യക്തമാക്കി. തങ്ങൾ അതിനെ ‘ലുങ്കി’ എന്നല്ല ‘ധോത്തി’ എന്നാണ് വിളിക്കുന്നതെന്നും ഇത്തരം പരാമർശങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സുഷ്മിതാ ദേവിന്റെ വിശദീകരണം കൂടി സഭാരേഖകളിൽ ഉൾപ്പെടുത്തണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു.
ഇൻകം ടാക്സ് ഭേദഗതി ഓർഡിനൻസുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ ജോൺ ബ്രിട്ടാസ് സംസാരിക്കുമ്പോഴാണ് വിവാദ പരാമർശമുണ്ടായത്. ബ്രിട്ടാസിന്റെ തൊട്ടുപിന്നിലെ സീറ്റിലിരുന്ന സുഷ്മിതാ ദേവ് അദ്ദേഹത്തെ ആവർത്തിച്ച് ‘ലുങ്കീവാലാ’ എന്ന് വിളിച്ചതായാണ് പരാതിയിൽ പറയുന്നത്.
പരാമർശം അബദ്ധത്തിൽ സംഭവിച്ചതല്ലെന്നും ദക്ഷിണേന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള ബോധപൂർവമായ സാംസ്കാരിക അധിക്ഷേപമാണെന്നും ജോൺ ബ്രിട്ടാസ് ആരോപിച്ചു. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടാണ് അദ്ദേഹം അധ്യക്ഷന് അവകാശലംഘന നോട്ടീസ് നൽകിയത്.












