ന്യൂഡൽഹി: മുംബൈയിലെ ലോക്കൽ ട്രെയിനുകളിൽ വിദ്യാർത്ഥികൾക്കായി പ്രത്യേക കോച്ചുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗൺസിലർ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. ബിഎംസി ബിജെപി കൗൺസിലർ തേജസ്വി അഭിഷേക് ഘോസാൽക്കറാണ് ആവശ്യം ഉന്നയിച്ചത്.
ചർച്ച്ഗേറ്റ്–ദഹാനു, ഛത്രപതി ശിവാജി മഹാരാജ് ടെർമിനൽ–ഡോംബിവ്ലി/അസംഗാവ് റൂട്ടുകളിൽ സർവീസ് നടത്തുന്ന ലോക്കൽ ട്രെയിനുകളിൽ രാവിലെ 5 മുതൽ 11 വരെ മൂന്ന് കോച്ചുകൾ വിദ്യാർത്ഥികൾക്കായി മാറ്റിവയ്ക്കണമെന്നാണ് ആവശ്യം.
ദിവസവും ആയിരക്കണക്കിന് വിദ്യാർത്ഥികൾ സബർബൻ ട്രെയിനുകളിൽ യാത്ര ചെയ്യുന്നുണ്ട്. തിരക്കേറിയ ട്രെയിനുകളിൽ സ്കൂളുകളിലേക്കും കോളേജുകളിലേക്കും യാത്ര ചെയ്യുമ്പോൾ വിദ്യാർത്ഥികൾ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നാണ് കൗൺസിലറുടെ വാദം.
താനും വിദ്യാർത്ഥിയായിരുന്ന കാലത്ത് ഇത്തരം ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ടെന്നും ഇപ്പോഴും വിദ്യാർത്ഥികളിൽ നിന്ന് സമാനമായ പരാതികൾ ലഭിക്കുന്നുണ്ടെന്നും ഘോസാൽക്കർ പറഞ്ഞു. സ്ത്രീകൾക്കായി പ്രത്യേക ട്രെയിനുകൾ ഉൾപ്പെടെ മുംബൈയിൽ നടപ്പാക്കിയ വിവിധ സംവിധാനങ്ങളെ അഭിനന്ദിച്ച അവർ, വിദ്യാർത്ഥികൾക്കായി സമാനമായ പ്രത്യേക സൗകര്യം നിലവിലില്ലെന്നും ചൂണ്ടിക്കാട്ടി.
12 കോച്ചുകളുള്ള ലോക്കൽ ട്രെയിനിൽ മൂന്ന് കോച്ചുകൾ രാവിലെ 5 മുതൽ 11 വരെ വിദ്യാർത്ഥികൾക്കായി സംവരണം ചെയ്യണമെന്നാണ് ആവശ്യം. ഇത് വിദ്യാർത്ഥികളുടെ യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാക്കുമെന്നും അവർ പറഞ്ഞു.
വിദ്യാർത്ഥികൾക്കായി പ്രത്യേക കോച്ചുകൾ അനുവദിക്കുന്ന നിർദ്ദേശം അടിയന്തരമായി പരിഗണിച്ച് നടപ്പാക്കണമെന്നും കൗൺസിലർ റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ആവശ്യം പരിഗണിച്ചില്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കി.


