കോട്ടയം : അമേരിക്കയിലെ പതിനാലു സംസ്ഥാനങ്ങളിലൂടെ വനവും മലകളും താണ്ടി ഒരു യാത്ര. ഈ യാത്രയിലൂടെ കാഞ്ഞിരപ്പള്ളി ചിറക്കടവിന്റെ പെരുമ ഹൈക്കിങ് എന്ന സാഹസികയാത്രയിൽ രേഖപ്പെടുത്തുകയാണ് ബ്രൂസ് തോമസ്. ലോകത്തിലെ ഏറ്റവും ദുഷ്‌കരമായ ട്രെയിൽ എന്ന് അറിയപ്പെടുന്ന ആപ്പലേഷ്യൻ ദുർഘടപാതയിലൂടെ നൂറ്റിയാൻപത്തിമൂന്ന് ദിവസം സഞ്ചരിച്ച് മുവായിരത്തിയഞ്ഞൂറു കിലോമീറ്റർ പിന്നിട്ടാണ് കത്താദിൻ എന്ന പോയിന്റിൽ യാത്ര അവസാനിച്ചത്.
കേരളത്തിൽനിന്നൊരാൾ ആദ്യമായാണ് ഈ നേട്ടം കൈവരിക്കുന്നത്. ഈ യാത്രയിലൂടെ ആപ്പലേഷ്യൻ ട്രെയിൽ പൂർത്തിയാക്കിയ ആദ്യ മലയാളി എന്ന പേരും ചിറക്കടവ് ചെന്നാക്കുന്ന് പന്യാമാക്കൽ ബ്രൂസ് തോമസ് സ്വന്തമാക്കി. ദിവസങ്ങളോളം ഒരു മനുഷ്യനെപ്പോലും കാണാതെയായിരുന്നു യാത്ര.
ഇവിടെ ഹൈക്കിങ് നടത്തുന്ന പലരും ഏറെ ദൂരം പിന്നിലോ മുൻപിലോ ഉണ്ടാവും. പക്ഷേ, പരസ്പരം കാണാനുള്ള സാഹചര്യം വളരെ കുറവാണ്. ഒരാഴ്ചവരെയുള്ള ഭക്ഷണം കരുതിയിട്ടുണ്ടാവും. അത് തീർന്നാൽ ട്രെയിൽ വിട്ട് ഏതെങ്കിലും പ്രദേശത്ത് കടകളിലെത്തി സാധനങ്ങൾ വാങ്ങി വീണ്ടും മലയാത്ര തുടരും. ഇതായിരുന്നു രീതി. ലോകമെമ്പാടുമുള്ള ഹൈക്കിങ് പ്രേമികളുടെ സ്വപ്നമാണ് ആപ്പലേഷ്യൻ ട്രെയിലെന്ന് ബ്രൂസ് തോമസ് പറഞ്ഞു. എന്നാൽ, ഇത് പൂർത്തിയാക്കിയവരുടെ എണ്ണം കുറവാണ്.




