കോട്ടയം: ഏറ്റുമാനൂർ–എറണാകുളം റൂട്ടിൽ നമ്പ്യാകുളത്ത് രണ്ട് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് വിദ്യാർഥികൾക്ക് പരിക്ക്. കോയമ്പത്തൂരിൽ നിന്ന് വിദ്യാർഥികളുമായി വാഗമണ്ണിലേക്ക് പോകുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ടൂറിസ്റ്റ് ബസിലേക്ക് എതിർദിശയിൽനിന്ന് നിയന്ത്രണം വിട്ടെത്തിയ മിനി ടൂറിസ്റ്റ് ബസ് ഇടിച്ചുകയറുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം. അമിത വേഗതയിൽ എത്തിയ മിനി ടൂറിസ്റ്റ് ബസാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്നാട് ടൂറിസ്റ്റ് ബസ് സമീപത്തെ പുരയിടത്തിലേക്ക് ഇടിച്ചിറങ്ങി. ബസിലുണ്ടായിരുന്ന വിദ്യാർഥികൾക്ക് നിസാര പരിക്കേറ്റു. ഇവരെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
അപകടത്തെ തുടർന്ന് കുറവിലങ്ങാട് പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.












