കോട്ടയം: യാത്രാമധ്യേ അപസ്മാരം ബാധിച്ച രോഗിയെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ആശുപത്രി കവാടത്തിൽ കുടുങ്ങി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം. കുമളിയിൽ നിന്ന് ആലപ്പുഴയ്ക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരനായ പുതുപറമ്പിൽ പ്രസാദിന് (52) കാഞ്ഞിരപ്പള്ളിയിലെത്തിയപ്പോൾ അപസ്മാരമുണ്ടാവുകയായിരുന്നു. തുടർന്ന് ഡ്രൈവർ സതീഷും കണ്ടക്ടർ ജയപ്രകാശും ചേർന്ന് രോഗിയെ ഉടൻ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ദേശീയപാതയിൽ നിന്ന് ആശുപത്രി റോഡിലേക്ക് തിരിയുന്നതിനിടെ ബസിന്റെ പിൻഭാഗം തറയിൽ മുട്ടി വാഹനം അനങ്ങാനാവാത്ത വിധം കുടുങ്ങുകയായിരുന്നു.
ബസ് കുടുങ്ങിയതിനെ തുടർന്ന് രോഗിയെ മറ്റൊരു വാഹനത്തിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. ഒടുവിൽ അഗ്നിരക്ഷാസേന എത്തിയാണ് ബസ് റോഡിൽ നിന്നും മാറ്റിയത്. മുൻപ് ഇതേ സ്ഥലത്ത് അഗ്നിരക്ഷാസേനയുടെ ബസും കുടുങ്ങിയിട്ടുണ്ട്. ദേശീയപാതയിൽ നിന്ന് ആശുപത്രിയിലേക്ക് പ്രവേശിക്കുന്ന ഭാഗം അശാസ്ത്രീയമായി നിർമ്മിച്ചതാണ് ഇത്തരം അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. വലിയ വാഹനങ്ങൾക്ക് സുഗമമായി തിരിഞ്ഞു കയറാൻ കഴിയാത്ത വിധത്തിലുള്ള നിർമ്മാണം തിരുത്തി റോഡ് പുനർനിർമ്മിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.






