കോഴിക്കോട് : സ്വർണവില കുതിച്ചുയർന്നതോടെ ബസ്സുകളിൽ ആഭരണക്കവർച്ച നടത്തുന്ന സംഘം സജീവമായി. തിരക്കേറിയ ബസ്സുകളിൽ കയറിക്കൂടുന്ന മോഷ്ടാക്കൾ സ്ത്രീകളുടെ ആഭരണങ്ങൾ കവർന്ന് സ്ഥലം വിടുകയാണ്. പ്രായമായ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആഭരണങ്ങളാണ് മോഷ്ടാക്കൾ കൈയ്ക്കലാക്കുന്നത്.
താമരശ്ശേരി-കൊയിലാണ്ടി റൂട്ടിലോടുന്ന ബസ്സുകളിലാണ് മോഷണം വർദ്ധിക്കുന്നത്. നിത്യേന ഒന്നിലധികം പരാതികളാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് പോലീസ് പറയുന്നു. പരാതികൾ ലഭിക്കുമ്പോൾ അടിയന്തിരമായി ഇടപെടുന്നു എങ്കിലും മോഷ്ടാക്കളെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
സ്വർണ്ണം നഷ്ടപെട്ടത് പലരും അറിയാൻ വൈകുന്നതും മോഷ്ടാക്കൾക്ക് രക്ഷപെടാൻ സമയം കൊടുക്കുന്നു എന്നും പോലിസ് പറയുന്നു. താമരശ്ശേരി കൊയിലാണ്ടി റൂട്ടിൽ യാത്ര ചെയ്യുന്നവരും ബസ് ജീവനക്കാരും ശ്രദ്ധിക്കണമെന്ന് പോലിസ് മുന്നറിയിപ്പ് നൽകി.



