കോഴിക്കോട് : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് വനിതാ സംസ്ഥാന കമ്മിറ്റി അംഗവും മുൻ നഗരസഭാധ്യക്ഷയുമായ പ്രമുഖ നേതാവ് കോൺഗ്രസ് പാളയത്തിലേക്ക്. മുൻ നഗരസഭാധ്യക്ഷ ബുഷ്റ റഫീഖാണ് ലീഗ് നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി രാമനാട്ടുകര നഗരസഭയിലെ സേവാമന്ദിരം പതിനൊന്നാം ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.
വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലയിൽ പാർട്ടിക്കുള്ളിൽ വലിയ സ്വാധീനമുണ്ടായിരുന്ന ബുഷ്റ, 2015-2020 കാലഘട്ടത്തിൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെടുകയും നാല് വർഷത്തിലേറെ രാമനാട്ടുകര നഗരസഭയുടെ അധ്യക്ഷ സ്ഥാനം വഹിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ് തവണ എട്ടാം ഡിവിഷനിൽനിന്നാണ് ഇവർ വിജയിച്ചത്. ഈ വർഷത്തെ തിരഞ്ഞെടുപ്പിൽ, ബുഷ്റ റഫീഖിനും നഗരസഭാ ഉപാധ്യക്ഷനായിരുന്ന ലീഗ് നേതാവിനും ഉൾപ്പെടെ ഭൂരിഭാഗം സിറ്റിംഗ് ലീഗ് കൗൺസിലർമാർക്കും പാർട്ടി സീറ്റ് നിഷേധിച്ചിരുന്നു. എന്നാൽ, ഇതേ സമയം കോൺഗ്രസ് അവരുടെ മുൻ ഉപാധ്യക്ഷൻ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഉൾപ്പെടെ പ്രധാന കൗൺസിലർമാർക്ക് മത്സരിക്കാൻ അവസരം നൽകുകയും ചെയ്തു.
ബുഷ്റ റഫീഖ് കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടിയത് മുസ്ലിം ലീഗിൽ കടുത്ത അമർഷത്തിനാണ് വഴിവെച്ചിരിക്കുന്നത്. നേതാക്കൾക്കും സാധാരണ ലീഗ് പ്രവർത്തകർക്കുമിടയിൽ പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ ഭരണത്തിലെ കോൺഗ്രസും ലീഗും ചേർന്ന ഒരു ‘ഉപജാപ സംഘത്തിന്റെ’ രാഷ്ട്രീയ നീക്കങ്ങളാണ് ബുഷ്റയെ കോൺഗ്രസിലേക്ക് എത്തിച്ചതെന്നാണ് ലീഗിലെ ഒരു വിഭാഗം ആരോപിക്കുന്നത്.ലീഗ് കോട്ടയിൽ തങ്ങളുടെ പ്രമുഖ നേതാവ് കോൺഗ്രസ് സ്ഥാനാർതിയായി മത്സരിക്കുന്നത് ഇരു പാർട്ടികൾക്കും ഒരുപോലെ വെല്ലുവിളിയാണ് ഉയർത്തുന്നത്.






