കോഴിക്കോട് : യുഡിഎഫ് ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ വിമതനായി മത്സരിക്കുന്ന ആള്‍ക്കായി പ്രചാരണം നടത്തിയ കൊടിയത്തൂർ വാർഡ് കോണ്‍ഗ്രസ്സ് കമ്മിറ്റി പിരിച്ചുവിട്ടു. കൊടിയത്തൂർ പഞ്ചായത്തിലെ 12ാം വാർഡ് കമ്മിറ്റിയാണ് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാറിന്റെ നിർദേശ പ്രകാരം പിരിച്ചുവിട്ടതെന്ന് ബ്ലോക്ക് പ്രസിഡന്റ് എം സിറാജുദ്ദീൻ, മണ്ഡലം പ്രസിഡന്റ് മുനീർ ഗോതമ്പറോഡ് എന്നിവർ അറിയിച്ചു. വാർഡില്‍ പുതിയ കമ്മിറ്റി രൂപവത്കരിച്ചു.
യുഡിഎഫ് ധാരണ പ്രകാരം മുസ്‌ലിം ലീഗിന് നല്‍കിയ 12ാം വാർഡില്‍ എസ് എ നാസറാണ് ഔദ്യോഗിക സ്ഥാനാർഥി. എന്നാല്‍ നാസറിനെതിരെ മുഹമ്മദ് ബശീർ കുന്താണിക്കാവ് എന്നയാള്‍ വിമതനായി മത്സര രംഗത്തിറങ്ങുകയായിരുന്നു. ബശീറിനായി പ്രചാരണ രംഗത്ത് സജീവമായ വാർഡ് പ്രസിഡന്റ് ശറഫലിയെ നേരത്തേ പാർട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഈ നടപടിക്ക് ശേഷവും വാർഡ് ഭാരവാഹികള്‍ ബശീറിനായി പ്രചാരണ രംഗത്ത് സജീവമായ സാഹചര്യത്തിലാണ് ജനറല്‍ സെക്രട്ടറി സുരേന്ദ്രൻ ഉള്‍പ്പെടെയുള്ളവരെ മാറ്റി വാർഡ് കമ്മിറ്റി പിരിച്ചു വിട്ടത്.
കണ്ണൻ ചെറുവാടിയാണ് പുതിയ വാർഡ് പ്രസിഡന്റ്. കെ കെ മുഹമ്മദ് നവാസ് ജനറല്‍ സെക്രട്ടറിയും മുഹമ്മദ് പാതിയേടത്ത് ട്രഷററുമാണ്. ടി സക്കീറാണ് പുതിയ വാർഡ് യു ഡി എഫ് ചെയർമാൻ. എം പി ചന്ദ്രൻ, എം ടി റംല എന്നിവർ വൈസ് പ്രസിഡന്റുമാരും എം പി സരോജിനി, ശോഭന, ടി സക്കീർ, ശിഹാബ് പുളിക്കല്‍ എന്നിവർ സെക്രട്ടറിമാരുമാണ്.






